
കട്ടപ്പന: തട്ടുകടയിൽ നിന്നും ഭക്ഷണം നൽകാത്തതിന് ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയിൽ കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കച്ചവടം അവസാനിപ്പിച്ചതിനാൽ കറി ഇല്ലാതിരുന്നു. ഇതിനെ തുടർന്നാണ് ജീവനക്കാരനെ പ്രദേശവാസിയായ സുജീഷ് ആക്രമിച്ചത്. പരുക്കേറ്റ പുളിയന്മല ചിത്ര ഭവനിൽ ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി. തമിഴ്നാട് സ്വദേശി കവിയരശൻറെ തട്ടുകയിലെ ജീവനക്കാരനാണ് ശിവചന്ദ്രൻ.
തട്ടുകടയിലെ സാധനങ്ങൾ തീർന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാൽ കട അടക്കാൻ തുടങ്ങുന്നതിനിടെയാണ് അതിക്രമണം ഉണ്ടായത്. പുളിയൻമല അമ്പലമേട്ടിൽ താമസിക്കുന്ന സുജീഷ് കടയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു. എതിർ വശത്ത് ബേക്കറി നടത്തുന്നയാളുടെ മകനാണ് സുജീഷ്. പരിചയത്തിന്‍റെ പേരിൽ ജീവനക്കാർക്കായി വച്ചിരുന്ന ദോശയിലൊന്ന് ഇയാൾക്ക് നൽകി. എന്നാൽ ദോശക്കൊപ്പം കറി ഇല്ലാതിരുന്നതിനെ ചൊല്ലി തർക്കമായി. ഇതിനിടെ സുജീഷ് കടയിലെ സാധനങ്ങൾ നശിപ്പിക്കുകയും ശിവയെ മർദ്ധിക്കുകയുമായിരുന്നു. ആക്രമണത്തിനിടെ സുജീഷിന്‍റെ കടിയേറ്റ് ശിവചന്ദ്രന്‍റെ മൂക്കിന് മുറിവേൽക്കുകായയിരുന്നു.
മർദ്ദനം തടയാനെത്തിയ മറ്റു രണ്ടു ജീവനക്കാരെയും ഇയാൾ ആക്രമിച്ചതായി പരാതിയുണ്ട്. പരുക്കേറ്റ ശിവയെ വിദഗ്ദ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ ഹോട്ടൽ ജീവനക്കാരുടെയുൾപ്പെടെ മർദ്ദനത്തിൽ പരിക്കേറ്റ സുജീഷും കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇരുകൂട്ടരും തമ്മിൽ വാട്ടർ കണക്ഷനെ ചൊല്ലി തർക്കം നിലനിന്നിരുന്നതാണ്. ശിവയുടെ പരാതിയിൽ വണ്ടൻമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്







