
നവകേരളത്തിന്റെ ഭാവി രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചർച്ചകൾക്കു വേദിയാകാൻ സംഘടിപ്പിക്കുന്ന കേരളീയം സെമിനാറിൽ എത്തുന്നത് ഇരുപതിലേറെ രാജ്യാന്തര വിദഗ്ധർ.
കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ച് സിംഗപ്പുരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൗത്ത് ഏഷ്യൻ സ്റ്റഡീസിലെ വിസിറ്റിങ് പ്രഫസറായ ഡോ. റോബിൻ ജെഫ്രി, യു.എസിലെ ബ്രൗൺ സർവകലാശാലയിലെ സോഷ്യോളജി, ഇന്റർനാഷണൽ ആൻഡ് പബ്ളിക് അഫയേഴ്സ് വിഭാഗം പ്രൊഫസറായ പാട്രിക് ഹെല്ലർ എന്നിവർ സംസാരിക്കും. മഹാമാരിയെ കേരളം കൈകാര്യം ചെയ്തെങ്ങനെ എന്ന വിഷയത്തിൽ യു.എസ് പൗരനായ റിച്ചാർഡ് എ. കാഷ് ഓൺലൈനായി പ്രബന്ധാവതരണം നടത്തും. ബോസ്റ്റണിലെ ഹാവാർഡ് ടി.എച്ച്. എൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ രാജ്യാന്തര ആരോഗ്യവിഭാഗത്തിലെ സീനിയർ ലക്ചററാണ് റിച്ചാർഡ് എ. കാഷ്.
ക്ഷീരവികസനം സംബന്ധിച്ച ചർച്ചയിൽ യു.എസിലെ സെക്സിങ് ടെക്നോളജീസ് വൈസ് പ്രസിഡന്റ് ഡോ. പ്രകാശ് കളരിക്കൽ, കേരളത്തിലെ ഭക്ഷ്യ സുരക്ഷ എന്ന വിഷയത്തിൽ യു.എസിലെ കൊളംബിയ സർവകലാശാല എം.പി.എ-ഡി.പി. പ്രോഗ്രാം ഡയറക്ടർ ഗ്ളെൻ ഡെന്നിങ് എന്നിവർ സംസാരിക്കും.
കേരളത്തിലെ കൃഷി സംബന്ധമായ സെമിനാറിൽ വിയ്റ്റാമിൽ നിന്നുള്ള കാവോ ഡുക് പാറ്റ് (ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർ), ക്രിസ് ജാകസ്ൺ (ലോകബാങ്കിലെ മുതിർന്ന കാർഷിക സാമ്പത്തിക വിദഗ്ധൻ) ഓസ്ട്രേലിയയിൽ നിന്നുള്ള കടമ്പോട്ട് സിദ്ധീഖി (വെസ്റ്റേൺ ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ യു.ഡബ്ല്യൂ.എ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചർ) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
കേരളത്തിലെ പ്രവാസി സമൂഹത്തെക്കുറിച്ച് ലോകബാങ്കിലെ മുതിർന്ന സാമ്പത്തികവിദഗ്ധൻ ദിലീപ് റാത്ത, ഖത്തറിലെ ഖലീഫ സർവകലാശാലയിലെ മൈഗ്രേഷൻ എത്തിക്സ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് വിഭാഗം പ്രൊഫസർ ഡോ. രാജൈ ആർ. ജുറൈദിനി എന്നിവർ സംസാരിക്കും.
കേരളത്തിലെ സഹകരണമേഖലയെക്കുറിച്ച് സ്പെയിനിൽ നിന്നുള്ള സോഷ്യോളജിസ്റ്റ് മൈക്കൽ ലെസാമീസ് ബിൽബാവോ, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കോപ്പറേറ്റീവ്സ് വിഭാഗം മേധാവി യു.എസിലെ ഡോ. സിമൽ എസീം, ഇറ്റലിയിലെ സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന റിത ഗെദ്നി എന്നിവർ അവതരണങ്ങൾ നടത്തും.
കേരളത്തിലെ മത്സ്യമേഖലയെക്കുറിച്ചുള്ള സെമിനാറിൽ വിയറ്റ്നാമിലെ അക്വാകൾച്ചർ വിഭാഗം മേധാവി ഡങ് ലാ വെയ്റ്റ് പ്രബന്ധം അവതരിപ്പിക്കും. പൊതുജനാരോഗ്യവിഷയത്തിൽ ഡോ. എം.വി. പിള്ള, കേരളത്തിലെ തൊഴിലാളികളുടെ അവകാശവും ക്ഷേമവും എന്ന വിഷയത്തിൽ രാജ്യാന്തര ലേബർ ഓർഗനൈസേഷൻ പ്രതിനിധികളായ സയ്ദ് സുൽത്താൻ അഹമ്മദ്, ബാർബറ ഹാരിസ് വൈറ്റ്, സുക്തി ദാസ്ഗുപ്ത എന്നിവരും എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. നവംബർ രണ്ടുമുതൽ ആറുവരെ അഞ്ചുദിവസങ്ങളിൽ അഞ്ചുവേദികളിലായി നടക്കുന്ന 25 സെമിനാറുകളാണ് കേരളീയത്തിന്റെ പ്രധാന പരിപാടികളിലൊന്ന്.






