
കേരളീയത്തിന്റെ ഭാഗമായി നടത്തിയ മെഗാ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെയിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശി ഡോ. വി.ജി. വിനു പ്രസാദ് ജേതാവായി. ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കൽ കോളജിലെ സൈക്കാട്രി വിഭാഗം മേധാവിയാണ്. 50,000 രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം സ്വദേശി രഞ്ജിത്ത് വെള്ളാവൂർ രണ്ടാം സ്ഥാനത്തിന് അർഹനായി. 25,000 രൂപയാണ് രണ്ടാം സമ്മാനം. 15,000 രൂപ സമ്മാനമുള്ള മൂന്നാം സ്ഥാനം കണ്ണൂർ സ്വദേശിയായ കെ.വി. രത്നാകരൻ കരസ്ഥമാക്കി.
ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ യോഗ്യത നേടിയ തിരുവനന്തപുരം സ്വദേശിയായ എ. ജി. അരവിന്ദ് നാലാം സ്ഥാനവും കൊല്ലം സ്വദേശിയായ ബി.എസ്. ആനന്ദ് ബാബു അഞ്ചാംസ്ഥാനവും കണ്ണൂർ സ്വദേശിയായ പി.എ. അശ്വതി ആറാം സ്ഥാനവും സ്വന്തമാക്കി. മൂന്നുപേർക്കും പ്രോത്സാഹനസമ്മാനമായി 5000 രൂപവീതം ലഭിക്കും.

ഒക്ടോബർ 19ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തു മുന്നിലെത്തിയ 14 ജില്ലകളിൽ നിന്നുമുള്ളവരാണ് ഓഫ് ലൈനായി നടന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രാഥമിക റൗണ്ട് ക്വിസ് മത്സരത്തിൽ പങ്കെടുത്ത 80 പേരിൽ നിന്നാണ് ഫൈനൽ റൗണ്ടിലേക്ക് ആറുപേർ യോഗ്യത നേടിയത്. കാണികളായി എത്തിയവരും കൈനിറച്ച് സമ്മാനം നേടിയാണ് മടങ്ങിയത്. അമിത് മധുപാൽ ആണ് ഗ്രാൻഡ് മാസ്റ്ററായി ഗ്രാൻഡ് ഫിനാലെ നയിച്ചത്. ഡോ: ജി.കെ. ആഗ്നേയ്, ഡോ: വിഷ്ണു നമ്പൂതിരി എന്നിവർ സഹ ക്വിസ് മാസ്റ്റർമാരായി.






