
രജിസ്റ്റർ ചെയ്തത് 90,557 പേർ
പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരളീയം മെഗാ ഓൺലൈൻ ക്വിസ്. ഒക്‌ടോബർ 19 ന് വൈകിട്ട് 7.30ന് ക്വിസ് മത്സരം നടക്കും. 90,557 പേരാണ് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പങ്കാളിത്തം ഉറപ്പാക്കിയ കേരളീയം മെഗാ ഓൺലൈൻ ക്വിസിനുവേണ്ടി രജിസ്റ്റർ ചെയ്തത്. വിദേശമലയാളികളും വിദ്യാർഥികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവരാണ് കേരളീയം വെബ്‌സൈറ്റിലൂടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ക്വിസിൽ പങ്കെടുക്കുന്നതിനായി ഒക്‌ടോബർ 19 ന് വൈകിട്ട് ഏഴുമണിക്ക് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യേണ്ടതാണ്. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമാണ് അറിവിന്റെ ലോകത്ത് ആഗോള മലയാളി സംഗമം ഒരുക്കുന്ന മെഗാ ഓൺലൈൻ ക്വിസ് മത്സരം. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും ഓൺലൈൻ ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആകർഷകമായ സമ്മാനങ്ങൾ നേടാം. രജിസ്റ്റർ ചെയ്തവർക്ക് മോക്ക് ടെസ്റ്റിന് അവസരമുണ്ട്. വിശദാംശങ്ങൾ കേരളീയം വെബ്‌സൈറ്റിൽ ലഭ്യമാണ്.
വ്യക്തിഗതമായി സംഘടിപ്പിക്കുന്ന ക്വിസിൽ എല്ലാവരും ഒരേ സമയത്തായിരിക്കും മൽസരിക്കുന്നത്. ആകെ 50 ചോദ്യങ്ങൾ അടങ്ങുന്ന ക്വിസിലെ ഓരോ ഉത്തരങ്ങൾക്കും അനുവദിക്കുന്ന സമയം പത്ത് സെക്കൻഡായിരിക്കും. ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തിൽ ആയിരിക്കും. കേരളവുമായി ബന്ധപ്പെട്ട ചരിത്രം, കല, സംസ്‌കാരം, സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളെ ആസ്പദമാക്കിയ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിജയികൾക്ക് അറിയിപ്പ് ലഭിക്കും. പങ്കെടുക്കുന്ന എല്ലാവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ സാക്ഷ്യപ്പെടുത്തിയ പങ്കാളിത്ത സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കും.





