
കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകളിൽ സൗജന്യയാത്ര
കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നു കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി. ശിവൻകുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെ.എസ്.ആർ.ടി.സിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്കു സൗജന്യയാത്ര ഒരുക്കും. പാർക്കിങ് സ്ഥലങ്ങളിൽനിന്ന് റെഡ്സോണിലേക്കു കെ.എസ്.ആർ.ടി.സി ആവശ്യത്തിന് വാഹനസൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേരളീയത്തിന് മാധ്യമങ്ങൾ നൽകണമെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
കേരളീയം കൺവീനർ എസ്. ഹരികിഷോർ കേരളീയത്തിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധിച്ച അവതരണം നടത്തി. കേരളീയം പ്രോഗ്രാം കമ്മിറ്റി ചെയർമാനായ ഐ.ബി. സതീഷ് എം.എൽ.എ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, ഐ.പി.ആർ.ഡി. ഡയറക്ടർ ടി.വി. സുഭാഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിലാണ് നാൽപതിലേറെ വേദികളിൽ കേരളീയം മഹോത്സവം നടക്കുന്നത്. സെമിനാറുകൾ, വ്യവസായ മേള, പ്രദർശനങ്ങൾ, മെഗാ കലാപരിപാടികൾ, ഭക്ഷ്യമേള, പുഷ്പമേള, ചലച്ചിത്രമേള, വൈദ്യൂത ദീപാലങ്കാരപ്രദർശനം എന്നിങ്ങനെ നിരവധി കലാ-സാംസ്‌കാരിക-വ്യവസായ പ്രദർശനങ്ങളാണ് കേരളീയത്തിന്റെ ഭാഗമായി നടക്കുന്നത്.







