തിരക്കില്ലാത്ത സിനിമാ തിയേറ്ററിൽ ടിക്കറ്റെടുത്ത് കയറി സിനിമ കാണാനെത്തുന്നവരുടെ പഴ്‌സ് മോഷ്ടിക്കുന്ന പ്രതിക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്. സിനിമ തുടങ്ങി ലൈറ്റ് ഓഫ് ആയാൽ, അർദ്ധ നഗ്നനായി മുട്ടിൽ ഇഴഞ്ഞ് മോഷണം നടത്തുകയാണ് ഇയാളുടെ രീതി. സിസിടിവിയിൽ കുടുങ്ങിയ കള്ളനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ കഴിഞ്ഞ ദിവസം സിനിമ കാണാനെത്തിയവരുടെ പഴ്‌സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് കള്ളനെ സിസിടിവിയുടെ സഹായത്തോടെ കണ്ടെത്തിയത്. ടിക്കറ്റെടുത്ത് തിയേറ്ററിനുള്ളിൽ കടക്കുന്ന യുവാവ് ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറിയിരിക്കും. സിനിമ തുടങ്ങി കഴിഞ്ഞാൽ വസ്ത്രങ്ങൾ ഊരിമാറ്റി അർധ നഗ്നനായി സീറ്റുകൾക്ക് പിന്നിലൂടെ ഇഴഞ്ഞുനീങ്ങി പഴ്‌സ് മോഷ്ടിക്കും.
പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്ന് ഇൻസ്പെക്ടർ മുരളീകൃഷ്ണ പറഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാവിനെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.