
കൊട്ടാരക്കര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സ്‌കില്‍ ഷെയര്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ നിർവഹിച്ചു. നല്ല ഭാവി ലക്ഷ്യമാക്കിയാണ് തൊഴില്‍പരിശീലന പാഠ്യസംവിധാനം സംസ്ഥാനത്ത് പ്ലസ് ടു തലം മുതല്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വൈദഗ്ധ്യം കൂടി ഉറപ്പാക്കിയുള്ള പഠനസമ്പ്രദായമാണ് സംസ്ഥാനത്ത് പിന്തുടരുന്നതെന്നും തൊഴില്‍നൈപുണ്യവും ആര്‍ജ്ജിക്കുന്ന അറിവുകളും പരമാവധി പങ്കിടണമെന്നും ധനമന്ത്രി പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് സ്‌കില്‍ ഷെയര്‍ അനിവാര്യതയാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് നടപ്പാക്കിയ വര്‍ക്ക് നിയര്‍ ഹോം സംവിധാനം വിജയമാകുകയാണ്. ഒട്ടേറെ കമ്പനികള്‍ തൊഴില്‍ ഉറപ്പാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതും. ഇതിനായി മികവുറ്റ തൊഴില്‍ വൈദഗ്ധ്യമുള്ളവരെ സൃഷ്ടിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കുന്നത്. അനൂകൂലസാഹചര്യം ഒരുക്കിത്തരുമ്പോള്‍ നൂതന ആശയങ്ങള്‍കൂടി രൂപപ്പെടുത്തി ജീവിതം സുരക്ഷിതമാക്കാനാകും. അധ്യാപകരും വിദ്യാര്‍ഥികളും ഇതിന് മുന്‍കൈയെടുക്കണം. മൂല്യവര്‍ധിത ഉത്പന്നനിര്‍മാണത്തിന്റെ സാധ്യതകള്‍ പരമാവധി വിനിയോഗിക്കണം എന്നും മന്ത്രി ഓര്‍മിപ്പിച്ചു.
നഗരസഭ ചെയര്‍മാന്‍ എസ്. ആര്‍. രമേശ് അധ്യക്ഷനായി. തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകസംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






