കേരളീയത്തിന്റെ ആവേശം വാനോളമുയർത്തി ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസ താരം ഐ എം വിജയൻ. കേരളത്തിന്റെ സമസ്ത നേട്ടങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് മാനവീയം വീഥിയിൽ ഐ എം വിജയനുമായി പന്തുതട്ടാം എന്ന പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും മുതിർന്നവരുമടക്കം നിരവധി പേരാണ് ഐ എം വിജയനൊപ്പം കാൽപന്തു കളിയുടെ ആവേശം പങ്കുവെക്കാനെത്തിയത്.
മാനവീയം വീഥിയിൽ പ്രത്യേകം തയാറാക്കിയ ഗോൾ പോസ്റ്റിലേക്ക് വിജയൻ ആദ്യ ഗോൾ അടിച്ചു. തുടർന്ന് മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, എ എ. റഹീം എം പി, ചീഫ് സെക്രട്ടറി ഡോ വി വേണു, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു കേരളീയം സംഘാടക സമിതി കൺവീനർ എസ് ഹരികിഷോർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി വി സുഭാഷ്, എന്നിവരും ഗോളടിച്ചു. തുടർന്ന് കുട്ടികളുമൊത്ത് ഐ എം വിജയൻ പന്തുതട്ടി. സെൽഫിയെടുക്കാനും ഫുട്ബാളിൽ കൈയ്യൊപ്പ് ഇടീക്കാനുമായി കുട്ടികൾ വിജയനൊപ്പം ചേർന്നു. കേരളീയത്തിന് എല്ലാ വിജയാശംസകളും നേർന്നാണ് വിജയൻ മടങ്ങിയത്.