
മലയാളിക്ക് മഹോത്സമായി നവംബറിൽ എത്തുന്ന കേരളീയത്തിന്റെ വരവറിയിച്ച് തിരുവനന്തപുരം നഗരത്തിൽ വർണാഭമായ സൈക്കിൾ റാലി നടന്നു. കവടിയാറിൽ നിന്ന് നഗരം ചുറ്റി കനകക്കുന്നിൽ സമാപിച്ച റാലിയിൽ ഇരുനൂറ്റൻപതോളം പേർ പങ്കെടുത്തു. രാവിലെ 7.30ന് കവടിയാറിൽ നിന്നാരംഭിച്ച സൈക്കിൾ റാലി കേരളീയം സ്വാഗത സംഘം ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രിയുമായ വി.ശിവൻകുട്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.
രാജ്യവും ലോകവും അംഗീകരിച്ച മാതൃകയാണ് കേരളാ മാതൃകയെങ്കിലും അതിനു വേണ്ടത്ര പ്രചാരണം കൊടുക്കാൻ നമുക്കായിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കേരളത്തിന്റെ നേട്ടങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനാണ് നവംബറിൽ കേരളീയം പരിപാടി സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഐക്യകേരള വികസനത്തിൽ മാറിവന്ന സർക്കാരുകളെല്ലാം കേരളവികസനത്തിൽ അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളസമൂഹത്തിലെ എല്ലാവരും പങ്കെടുക്കുന്ന പരിപാടിയാണ് കേരളീയമെന്നും മന്ത്രി വ്യക്തമാക്കി.

നഗരം കണ്ട ഏറ്റവും വലിയ സൈക്കിൾ റാലിയാണ് കേരളീയത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ച തന്മയ അടക്കം വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, സ്ത്രീകൾ എന്നിവർ സൈക്കിൾ റാലിയിൽ പങ്കെടുത്തു. മഞ്ഞയിൽ നീലമുദ്ര പതിപ്പിച്ച കേരളീയത്തിന്റെ ലോഗോയുള്ള ടീഷർട്ടുകളും ധരിച്ചായിരുന്നു സൈക്കിൾ സഞ്ചാരികളുടെ റാലി. കവടിയാർ ചിൽഡ്രൻസ് പാർക്കിന് മുന്നിൽനിന്നാരംഭിച്ച സൈക്കിൾ റാലി വെള്ളയമ്പലം പാളയം സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ്-പ്രസ് ക്ലബ് നോർത്ത് ഗേറ്റ്-പാളയം-എൽ.എം.എസ്. വഴി കനകക്കുന്നിൽ സമാപിച്ചു.
എൻ.സി.സി. കെ(1) ഗേൾസ് ബറ്റാലിയൻ, ഇൻഡസ് സൈക്ലിങ് എംബസി എന്നിവയുടെ സഹകരണത്തോടെയാണ് കേരളീയം സംഘാടകസമിതി സൈക്കിൾ റാലി സംഘടിപ്പിച്ചത്.
വി.കെ. പ്രശാന്ത് എം.എൽ.എ, കേരളീയം സ്വാഗതസംഘം കൺവീനറും വ്യവസായവകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ എന്നിവർ സന്നിഹിതരായിരുന്നു.





