
വെള്ളറട: ആളില്ലാതിരുന്ന വീട്ടില്‍ രാത്രിയില്‍ മുളകുപൊടി വിതറി മോഷണം. വീട്ടിലുണ്ടായിരുന്ന ഒന്നരലക്ഷത്തോളം രൂപ കവര്‍ന്നു. പനച്ചമൂട് വട്ടപ്പാറ പാക്കുപുര ലൈലാ ബീവി (65)യുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
തനിച്ച് താമസിച്ചിരുന്ന ലൈല ബീവി കഴിഞ്ഞദിവസം രാത്രി മകന്റെ വീട്ടിലാണ് അന്തിയുറങ്ങിയത്. പുലര്‍ച്ചെയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. കാരമൂട്ടില്‍ ലൈലാ ബീവിക്ക് ഉണ്ടായിരുന്ന മൂന്നു സെന്റ് വസ്തു വിറ്റുകിട്ടിയ രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. വീടിന്റെ പുറകുവശത്തു നില്‍ക്കുകയായിരുന്ന റബര്‍ മരത്തില്‍ കയറി അതുവഴി വീടിന്റെ ഓടിളക്കിയാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്. മോഷ്ടാവ് നടന്ന സ്ഥലങ്ങളില്‍ എല്ലാം ധാരാളമായി മുളകുപൊടി വിതറിയിട്ടുണ്ട്.
വിരലടയാള വിദഗ്ധ ചിത്രാദേവി, സബ് ഇന്‍സ്പെക്ടര്‍മാരായ റസല്‍രാജ്, ഉണ്ണികൃഷ്ണന്, മണിക്കുട്ടന്, പൊലീസ് കോണ്‍സ്റ്റബിള്‍മാരായ അജി, സുനില്‍കുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്.





