
കൊച്ചി: നിർമ്മാണം നിർത്തിവച്ചിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ കേസില്‍ പ്രായപൂർത്തിയാകാത്ത മൂന്നുപേരടക്കം ആറ് പേർ പിടിയിൽ. ഐക്കരനാട് സൗത്ത് കിങ്ങിണി മറ്റം പ്ലാപ്പിള്ളിൽ ബേസിൽ സാജു (19), കടമറ്റം പെരുമറ്റത്തിൽ അഭയകുമാർ (18), ഐക്കരനാട് പുതുപ്പനത്ത് വാടകയ്ക്ക് താമസിക്കുന്ന ഓണക്കൂർ പെരിയപ്പുറം ചോവേലിക്കുടിയിൽ നന്ദു (18), പ്രായപൂർത്തിയാകാത്ത മൂന്നു പേർ എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്.
കോലഞ്ചേരി പട്ടണത്തിനോട് ചേർന്ന് നിർമ്മാണം നിർത്തി വച്ചിരിക്കുന്ന വീട്ടിൽ നിന്നുമാണ് ഒരു ലക്ഷത്തോളം രൂപ വില വരുന്ന നിർമ്മാണസാമഗ്രികൾ മോഷ്ടിച്ചത്. കാർ വാടകയ്ക്ക് എടുത്ത് പല പ്രാവശ്യങ്ങളിലായാണ് മോഷണം നടത്തിയത്. കോലഞ്ചേരിയിൽ തന്നെയുള്ള വിവിധ ആക്രികടകളിലായി മോഷണ വസ്തുക്കൾ വിൽപ്പന നടത്തുകയും ചെയ്തു.
ബേസിൽ സാജുവിന്റെ നാലാമത്തെ മോഷണ കേസാണിത്. ഇൻസ്പെക്ടർ പി. ദിലീഷ്, എസ്ഐമാരായ കെഎസ് ശ്രീദേവി, കെ സജീവ്, സിഒ സജീവ്, എ എസ് ഐമാരായ കെകെ സുരേഷ് കുമാർ, പിവി എൽദോസ്, ബിജു ജോൺ , എംബി സുജിത്ത്, എസ് സിപിഒ രാമചന്ദ്രൻ നായർ, തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്






