
‘അഴകാര്‍ന്ന കൊല്ലം ജനപങ്കാളിത്തത്തോടെ’ പദ്ധതിയുടെ ഭാഗമായി തങ്കശ്ശേരി ഡിവിഷനില്‍ സ്ഥാപിച്ച മെക്കനൈസ്ഡ് എയ്‌റോബിക് യൂണിറ്റ്, ഇന്‍സിനറേറ്റര്‍ എം.സി.എഫ് എന്നിവയുടെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും ഇതില്‍ ഹരിത കര്‍മസേനയുടെ പ്രവര്‍ത്തനം വിലമതിക്കാനാകാത്തതാണെന്നും മന്ത്രി പറഞ്ഞു.
മാലിന്യനിര്‍മാര്‍ജ്ജനത്തിനായി ത്വരിത ഗതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ജില്ലയിലെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഉത്തമ ഉദാഹരണമാണ് കുരീപ്പുഴ ചണ്ടി ഡിപ്പോയുടെ പ്രവര്‍ത്തനമെന്നും കൂടുതല്‍ ഇടങ്ങളിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ക്കായി റവന്യൂഭൂമികള്‍ ഏറ്റെടുത്ത് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിലൂടെ ലഭിക്കുന്ന ജൈവ വളങ്ങള്‍ ഉപയോഗിച്ച് പച്ചക്കറി കൃഷി സംസ്ഥാനമാകെ വ്യാപിപ്പിക്കുകയും ഇതിലൂടെ പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. കൃത്യതയോടെ മാലിന്യ സംസ്‌കരണം നടപ്പാക്കിയാല്‍ തെരുവുനായ ആക്രമണങ്ങള്‍ നിയന്ത്രിക്കാനാകുമെന്നും 2030 ഓടെ സംസ്ഥാനത്തെ തെരുവുനായ്കളുടെ എണ്ണം കുറയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. 40 ലക്ഷം രൂപ ചെലവില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോര്‍പ്പറേഷന്‍ മാലിന്യ സംസ്‌കരണത്തിന് മെക്കനൈസ്ഡ് എയ്‌റോബിക് യൂണിറ്റ് പ്രയോജനപ്പെടുത്തുന്നത്. പ്രതിദിനം 3000 കിലോ മാലിന്യങ്ങള്‍ നിമിഷാര്‍ഥത്തില്‍ വളമാക്കാന്‍ സാധിക്കും. ഇന്‍സിനറേറ്ററില്‍ പാഡ്, ഡയപ്പര്‍ തുടങ്ങിയവയും സംസ്‌കരിക്കാന്‍ സാധിക്കും. ജൈവ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിത കര്‍മ സേനയെ പ്രയോജനപ്പെടുത്തും. 150 രൂപ പ്രതിമാസ നിരക്കില്‍ എല്ലാ വീടുകളിലും സേവനം ഉറപ്പാക്കാനാണ് കോര്‍പ്പറേഷന്റെ ലക്ഷ്യം. തീരപ്രദേശത്തെ മാലിന്യനിര്‍മാര്‍ജ്ജനത്തിനായി സമാന രീതിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അഴകാര്‍ന്ന കൊല്ലം ജനപങ്കാളിത്തത്തോടെ പദ്ധതിയിലൂടെ കോര്‍പ്പറേഷന്‍ പരിധി 100 ശതമാനം മാലിന്യമുക്തമാകുമെന്നും മേയര്‍ പറഞ്ഞു







