
സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്ന ‘ആർദ്രം ആരോഗ്യം’ പരിപാടിക്ക് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും സന്ദർശിക്കുന്നത്. അതത് ജില്ലകളിലെ എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ മന്ത്രിയോടൊപ്പമുണ്ടാകും.

ഓരോ ആശുപത്രയിലും നടക്കുന്ന വികസനപ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരം എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന അവലോകന യോഗവും ജില്ലയിൽ നടക്കും.
ജനകീയ പങ്കാളിത്തത്തോടെ ആർദ്രം മിഷൻ ലക്ഷ്യങ്ങൾ പൂർണമായി യാഥാർത്ഥ്യമാക്കാനാണ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആർദ്രം മാനദണ്ഡങ്ങൾ പ്രകാരം സ്പെഷ്യാലിറ്റി സേവനങ്ങൾ താലൂക്ക് ആശുപത്രി തലം മുതലാണ് തുടങ്ങുന്നത്. നിലവിൽ നൽകപ്പെടുന്ന സേവനങ്ങളും ജനങ്ങൾക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുക, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവ സന്ദർശനത്തിന്റെ ഭാഗമായി അവലോകനം ചെയ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി

ഒക്ടോബർ 9ന് എറണാകുളം, കോട്ടയം ജില്ലകളിലെ കോതമംഗലം, മൂവാറ്റുപുഴ, പിറവം, കുറവിലങ്ങാട്, പാല, കാഞ്ഞിരപ്പള്ളി, പാമ്പാടി, ചങ്ങനാശേരി ആശുപത്രികൾ സന്ദർശിച്ചു. 10ന് എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് സന്ദർശനം നടത്തുന്നത്. ഒക്ടോബർ അവസാനത്തോടെ ആശുപത്രികളിലെ സന്ദർശനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.






