
കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ നിന്ന് 2022-23, 23-24 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 2,00,000, 1,50,000, 1,00,000 രൂപയും പ്രശസ്തി പത്രവും ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്‌കൂളുകൾക്ക് യഥാക്രമം 30,000, 25,000, 15,000രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക.
ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും, മറ്റ് കുട്ടികൾക്കുള്ള റോബോട്ടിക് പരിശീലനം, സ്‌കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്‌കൂൾ വിക്കി അപ്‌ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, സ്‌കൂൾതല ഡിജിറ്റൽ മാഗസിൻ തയാറാക്കൽ, വിക്ടേഴ്‌സ് ചാനൽ വ്യാപനം, ചാനലിലേക്ക് ആവശ്യമായ ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം, സ്‌കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നിവ പരിഗണിച്ചായിരിക്കും മികച്ച യൂണിറ്റിനെ കണ്ടെത്തുക.
ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിൽ (എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ) മൂന്ന് ബാച്ചുകളും 2023 -24 അധ്യയന വർഷത്തിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കും 2023 നവംബർ 25 വരെ അപേക്ഷിക്കാം. www.kite.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫോർമാറ്റിൽ തയാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും അതത് ജില്ലാ കോ-ഓർഡിനേറ്റർമാർക്കാണ് നൽകേണ്ടത്.





