
കണ്ണൂര്‍: തൊണ്ടയിൽ വണ്ട് കുടുങ്ങി ഗുരുതരാവസ്ഥയിലായ എട്ട് മാസം പ്രായമുളള പെൺകുഞ്ഞിന് പുതുജീവൻ. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ തൊണ്ടയില്‍ വണ്ടിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡോക്ടര്‍മാര്‍ വണ്ടിനെ പുറത്തെടുത്ത് കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കുകയായിരുന്നു.
കോഴിക്കോട് നാദാപുരം പാറക്കടവ് സ്വദേശികളുടെ പെൺകുഞ്ഞിന്‍റെ തൊണ്ടയിലാണ് കഴിഞ്ഞ ദിവസം കൊമ്പൻ ചെല്ലി ഇനത്തിൽപെട്ട വണ്ട് കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ നാദാപുരം പാറക്കടവിലാണ് സംഭവം. കളിക്കുന്നതിനിടെ പെട്ടെന്ന് കുഞ്ഞിന് ശ്വാസതടസ്സം നേരിടുകയായിരുന്നു. ശ്വാസതടസ്സമുണ്ടാകാനുള്ള കാരണമറിയാതെ വീട്ടുകാരും ആകെ ആശങ്കയിലായി. ഉടന്‍ തന്നെ വീട്ടുകാര്‍ കുഞ്ഞിനെ പാറക്കടവിലെ ക്ലിനിക്കിലെത്തിച്ചു

ഇവിടെ നടത്തിയ പരിശോധനയില്‍ എന്താണ് പ്രശ്നമെന്ന് കണ്ടെത്താനായില്ല.പനിയോ മറ്റ് അസുഖങ്ങളോ കുഞ്ഞിനുണ്ടായിരുന്നില്ല. തനിയെ എന്തെങ്കിലും വായിലേക്ക് ഇടാനുളള സാധ്യതയും ഉണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ ശ്വാസതടസ്സമുണ്ടാകാനുള്ള കാരണമെന്താണെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പിന്നീട് ക്ലിനിക്കില്‍നിന്ന് ഉടന്‍ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നടത്തിയ പ്രാഥമിക ചികിത്സയില്‍ കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍ മാറ്റം വന്നില്ല.






