
നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രധാന പ്രതിയായ അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പോലീസാണ് അഖിൽ സജീവിനെ പിടികൂടിയത്. കഴിഞ്ഞ ഏതാനും നാളുകളായി ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമായി തുടരുകയായിരുന്നു.തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നാണ് പിടിയിലായത്. മലപ്പുറം, പത്തനം തിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘമാണ് അഖിലിനെ പിടികൂടിയത്.
അഖില്‍ സജീവുമായി ബന്ധമുള്ള മറ്റ് പ്രതികളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തട്ടിപ്പിന്റെ സൂത്രധാരന്‍ അഖില്‍ സജീവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. നിലവില്‍ അഖിലിനെതിരെ അഞ്ച് കേസുകള്‍ ഉണ്ട്.
ഹോമിയോ ഡോക്ടര്‍ നിയമനത്തിനായി ആരോഗ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫിന് പണം നല്‍കാമെന്ന് അഖില്‍ സജീവാണ് തന്നോട് പറഞ്ഞതെന്ന് ഹരിദാസന്‍ പൊലീസിന് മൊഴി നല്‍കി. അഡ്വാന്‍സായി തുക നല്‍കിയെങ്കിലും നിയമനം നടക്കാത്തതിനാല്‍ ഹരിദാസന്‍ ഏപ്രില്‍ 9ന് തിരുവനന്തപുരത്തെത്തി. 10ന് സെക്രട്ടേറിയറ്റിന് പുറത്തുവച്ച് അഖില്‍ മാത്യുവിനെ കണ്ടെന്നും ഒരു ലക്ഷംരൂപ നല്‍കിയെന്നുമാണ് ഹരിദാസന്‍ പറയുന്നത്.





