
കേൾവിയുടെ ലോകം സ്വന്തമായതിന്റെ സന്തോഷത്തിലാണ് ഇടമലക്കുടിയിലെ 10 വയസുകാരി അഭിരാമി. ഇനി എത്രയും വേഗം സംസാരിച്ചു തുടങ്ങണം, സ്‌കൂളിൽ പോയി പഠിക്കണം ഈ ആഗ്രഹങ്ങളാണ് ഇനി ബാക്കിയുള്ളത്. അതിനിടെ അഭിരാമി സെക്രട്ടേറിയറ്റിലെത്തി, മന്ത്രി കെ. രാധാകൃഷ്ണനെ കണ്ട് നന്ദി പറയാൻ. കുഞ്ഞുടുപ്പും ചോക്ലേറ്റും നൽകിയാണ് മന്ത്രി അഭിരാമിയെ സ്വീകരിച്ചത്.
ഇടുക്കി ജില്ലയിലെ ഇടമലക്കുടി സ്വദേശിയായ അഭിരാമി ജൻമനാ ബധിരയായിരുന്നു. നല്ല ചികിത്സ ലഭിച്ചാൽ കേൾവി ശക്തി തിരികെക്കിട്ടുമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും പണം വിലങ്ങുതടിയായി. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ മെയ് 29ന് ഇടമലക്കുടിയിലേക്കുള്ള റോഡിന്റെ നിർമാണോദ്ഘാടനത്തിന് സൊസൈറ്റിക്കുടിയിലെത്തിയ മന്ത്രി കെ. രാധാകൃഷ്ണൻ അഭിരാമിയെ കണ്ടത്.

ഭിന്നശേഷിക്കാരായ പട്ടിക വർഗക്കാരുടെ പരിമിതികൾ തരണം ചെയ്യാൻ സഹായിക്കുന്ന കാറ്റാടി പദ്ധതിയിൽ അഭിരാമിയെ ഉൾപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ചികിത്സയ്ക്ക് കാലതാമസം ഉണ്ടാകുമെന്ന് മനസിലാക്കി മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക നൽകി. കേൾവി ഉപകരണത്തിനുള്ള തുകയ്ക്ക് പുറമെ അഭിരാമിക്കും മാതാപിതാക്കൾക്കും തിരുവനന്തപുരത്ത് ചികിത്സയ്ക്കായി വന്നു പോകുന്നതിനുള്ള ചെലവും സർക്കാർ നൽകി.
തിരുവനന്തപുരം മെഡിക്കൽ കോളേജ്, നാഷണൽ സ്പീച്ച് ആന്റ് ഹിയറിങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് [നിഷ്] തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ വിദഗ്ധ പരിശോധന നടത്തി. നിഷിലെ ചികിൽസയ്ക്കൊടുവിൽ കേൾവി ഉപകരണം ഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അഭിരാമി ഇന്ന് സ്വന്തം നാട്ടിലെ സ്‌കൂളിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. നേരത്തെ മൂന്നാർ പ്രീമെട്രിക്ക് സ്‌കൂളിൽ പോയിരുന്നെങ്കിലും പഠനത്തിന് തടസമുണ്ടായി. ഇടമലക്കുടി സൊസൈറ്റിക്കുടിയിലെ സ്‌കൂളിൽ അഭിരാമിയെ ഉടൻ ചേർക്കും.




