
കിഴക്കേക്കോട്ട മുതൽ കവടിയാർ വരെയുള്ള സ്ഥലങ്ങളിൽ കേരളത്തിന്റെ വിവിധ മേഖലകളെ ദൃശ്യവൽക്കരിക്കുന്ന 25 പ്രദർശനങ്ങളും 30 വേദികളിലായി 4100 ഓളം കലാകാരന്മാരെ പങ്കെടുപ്പിച്ചു 300ലധികം കലാപരിപാടികളും കേരളീയത്തിൽ അരങ്ങേറും. വിവിധ സർക്കാർ വകുപ്പുകളിലൂടെ നടപ്പാക്കിവരുന്നതും കേരളത്തിന്റെ സമഗ്രമായ പുരോഗതിക്കു കാരണമായിട്ടുള്ളതുമായ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള എട്ടു പ്രധാന എക്സിബിഷനുകളാണ് പ്രദർശനങ്ങളുടെ ആദ്യഭാഗം. കനകക്കുന്ന്, ടാഗോർ തീയറ്റർ, യൂണിവേഴ്സിറ്റി കോളേജ്, അയ്യൻകാളി ഹാൾ, സെൻട്രൽ സ്റ്റേഡിയം, പുത്തരിക്കം എന്നീ വേദികളിലാണ് ഈ എക്സിബിഷനുകൾ ഒരുങ്ങുന്നത്. കിഫ്ബി, ദുരന്ത നിവാരണ അതോറിറ്റി, ടൂറിസം വകുപ്പ് എന്നിങ്ങനെ വിവിധ സർക്കാർ സ്ഥാപങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, ജല സംരക്ഷണം അടിസ്ഥാനമാക്കിയുള്ള പ്രദർശനം, വിവിധ കലാകാരമാർ ഒരുക്കുന്ന പ്രദർശനങ്ങൾ എന്നിങ്ങനെ 10 എക്സിബിഷനുകളും ഉണ്ടാകും. കേരളത്തിലെ പ്രശസ്തരായ ശിൽപ്പികൾ ഒരുക്കുന്ന 25 ഓളം ഇൻസ്റ്റലേഷനുകൾ തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളിലും ഉയരും. കേരളീയത്തിന്റെ ബ്രാൻഡിംഗ് ഡിസൈൻ ഏകോപിപ്പിക്കുന്നതും, കേരളത്തിന്റെ പൊതു സ്മാരകങ്ങൾ പ്രദർശന സങ്കേതങ്ങൾ എന്നിവ അന്തർദേശീയ ധാരയിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ റിയാസ് കോമു തയ്യാറാക്കുന്ന ആർട്ട് ഡോക്യുമെറ്റേഷനും എക്സിബിഷന്റെ ഭാഗമാണ്.
എട്ടു വേദികളിലായാണ് ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. 425 സംരംഭകർ പങ്കെടുക്കും. വ്യവസായ മേഖലയിലെയും വിനോദ സഞ്ചാര, ഹോസ്പിറ്റാലിറ്റി, ആരോഗ്യമേഖലയിലെ സംരംഭങ്ങളുടെ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നുണ്ട്. 200 ലധികം ബയേഴ്സ് പങ്കെടുക്കും. മാനവീയം വീഥി മുതൽ കിഴക്കേകോട്ട വരെ 11 വേദികളിലായി, കേരളത്തിൻറെ തനത് രുചികൾ ഉൾപ്പെടുത്തി വ്യത്യസ്തമായ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. തട്ടുകട മുതൽ ഫൈവ് സ്റ്റാർ വിഭവങ്ങൾ വരെ ഉൾപ്പെടുത്തിയ 150 ലധികം സ്റ്റാളുകൾ സജ്ജീകരിക്കുന്നു. കൂടാതെ, ഫുഡ് ഷോ, ഫുഡ് ബ്രാൻഡിങ്, പരമ്പരാഗത ഭക്ഷണ വിഭവങ്ങളുടെ പ്രദർശനവും വിൽപനയും എന്നിവയുമുണ്ടാകും.
കേരളത്തിന്റെ സ്വന്തമായ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നതിന് ഓരോ വിഭവത്തിൻറെയും ചരിത്രം, നിർമ്മാണ രീതി അടക്കമുള്ള വീഡിയോ പ്രദർശനം സ്റ്റാളുകളിൽ ഉണ്ടാകും. യൂണിവേഴ്സിറ്റി കോളേജ് മുതൽ വാൻറോസ് ജങ്ഷൻ വരെ ഒരുക്കുന്ന സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ ഈ ഏഴ് ദിവസം നൈറ്റ് ലൈഫിന്റെ കൂടി ഭാഗമാകും. ഫുഡ് ഫെസ്റ്റിവലിന്റെ ബ്രാൻഡ് അംബാസിഡർമാരാകുന്നത് ദേശീയ അന്തർദേശീയ തലത്തിലും കേരളത്തിലും പ്രശസ്തരായ ഫുഡ് വ്ളോഗേഴ്സ് ആണ്.
കവടിയാർ മുതൽ കിഴക്കേകോട്ട വരെ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികൾ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈദ്യുതദീപങ്ങൾ കൊണ്ട് അലങ്കരിക്കും. പ്രത്യേക ആശയങ്ങളുടെ അടിസ്ഥാനത്തിൽ ദീപക്കാഴ്ചകളാൽ കനകക്കുന്നിൽ വിവിധ സെൽഫി പോയിന്റുകളും ഉണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ കോർത്തിണക്കിയ ഇൻസ്റ്റലേഷനൊപ്പം അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്നായ നീലവെളിച്ചം പ്രമേയമാക്കി ഒരുക്കുന്ന സെൽഫി പോയിൻറാണ് ഇതിലൊന്ന്. ടാഗോർ തിയറ്ററിൽ മൂൺ ലൈറ്റുകൾ നിലാനടത്തത്തിന് വഴിയൊരുക്കും. മ്യൂസിയത്തിൽ കുട്ടികളെ ആകർഷിക്കുന്നതിനായി മൃഗങ്ങളുടെയും ചിത്രലഭങ്ങളുടെയും രൂപത്തിലുള്ള വൈദ്യുതാലങ്കാരങ്ങൾ തീർക്കും. നിർമാണ ചാരുതയെ എടുത്തറിയിക്കുന്ന വിധത്തിലുള്ള നിറങ്ങളും വെളിച്ചവും അണിനിരത്തിയാണ് സെക്രട്ടറിയേറ്റിലെ ദീപാലങ്കാരം.




