
ലോക ഹരിത ഉപഭോക്തൃ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ശുദ്ധമായ ഊർജത്തിലേക്കുള്ള മാർഗത്തിലൂടെ ഉപഭോക്തൃ ശാക്തീകരണം എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ആപ്തവാക്യം. പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങൾക്കൊണ്ടുള്ള ഹരിത ഉപഭോക്തൃ സംസ്കാരം വളർത്തിയെടുക്കാൻ നാം മുന്നോട്ടിറങ്ങണമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ശുദ്ധ ഊർജമാണ് നമുക്ക് വേണ്ടത്. പ്രകൃതി സംരക്ഷണത്തിൽ മുഖ്യപങ്ക് വഹിക്കുന്ന റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ എന്നീ മൂന്ന് വാക്കുകളുടെ പ്രാധാന്യം നമ്മെ ഓർമപ്പെടുത്തുന്നത് പരിസ്ഥിതി സൗഹൃദ സമൂഹത്തെയാണെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും വർജിക്കാൻ സാധിക്കില്ലെങ്കിലും വിവേകപൂർവം ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലായാൽ അതിന്റെ ദോഷം നമ്മുടെ സമൂഹത്തിൽ പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പരിസ്ഥിതി മലിനമാക്കുന്ന പാരമ്പര്യ ഊർജത്തിൽനിന്നും പാരമ്പര്യേതര ഊർജത്തിലേക്ക് നമുക്ക് മാറാൻ സാധിച്ചാൽ ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം ഏറെക്കുറെ കൈവരിക്കാൻ സാധിക്കും. ഇലക്ട്രിസിറ്റി, ലിക്വിഡ് ഹൈഡ്രജൻ, ജൈവ ഇന്ധനങ്ങൾ എന്നീ പാരമ്പര്യേതര ഇന്ധനങ്ങളിലേക്കുള്ള മാറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈ മാറ്റം ഉൾക്കൊണ്ടാണ് കേരളത്തിന്റെ പൊതുഗതാഗത സംവിധാനങ്ങളിൽ ഹരിത ഊർജം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്. ട്രാൻസ്പോർട്ട് വകുപ്പ് ഹരിത ഗതാഗതത്തിലേക്കുള്ള ആദ്യ ചുവടുവയ്പ് നടത്തിയിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സ് ഇളവ്, റിബേറ്റ്, സബ്സിഡി തുടങ്ങിയ പ്രോത്സാഹനങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നും ഇതിനോടൊപ്പം നടപ്പാക്കികഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ഏറ്റെടുത്തിട്ടുള്ള ജൈവകൃഷി പ്രാത്സാഹനം, പ്രാദേശിക വിപണികളുടെ വിപുലീകരണം എന്നീ പദ്ധതികളിലും പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യം കൂടിയാണ് കൈവരിക്കുന്നത്. സമൂഹത്തിനും പുതുതലമുറയ്ക്കും ഹരിത ഉപഭോക്തൃ സംസ്കാരം വളർത്തിയെടുക്കാൻ സഹായകരമാകുന്ന തരത്തിൽ ഈ ദിനാചരണ പരിപാടി മാറട്ടെയെന്നും മന്ത്രി പറഞ്ഞു.
സി.ഡി.ആർ.സി സംസ്ഥാന പ്രസിഡന്റ് റിട്ട. ജസ്റ്റിസ് കെ. സുരേന്ദ്ര മോഹൻ, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. സജിത് ബാബു, സി.ഡി.ആർ.സി ജില്ലാ പ്രസിഡന്റ് പി.വി. ജയരാജൻ, അക്രഡിറ്റഡ് എനർജി ഓഡിറ്റർ സുരേഷ് ബാബു ബി.വി., റേഷനിങ് കൺട്രോളർ മനോജ് എന്നിവർ പങ്കെടുത്തു.








