![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-7.56.15-PM-2-1024x323.jpeg)
വാട്ടര്‍ കണക്ഷനുകളിലെയും പൊതുടാപ്പുകളിലെയും ജല ദുരുപയോഗവും ജലമോഷണവും യഥാസമയം ബന്ധപ്പെട്ട വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിക്കുന്ന പൊതുജനങ്ങള്‍ക്ക് പ്രോത്സാഹനമായി പാരിതോഷികം നല്‍കാൻ കേരള വാട്ടർ അതോറിറ്റിയുടെ തീരുമാനം. ജലദുരുപയോഗത്തിനും മോഷണത്തിനും ചുമത്തുന്ന പിഴയുടെ 10% (പരമാവധി 5000 രൂപ) പാരിതോഷികമായി നല്‍കും. ഇത്തരം വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ അതോറിറ്റി രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. വിവരം വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പര്‍ ആയ 1916-ല്‍ വിളിച്ചറിയിക്കാവുന്നതാണ്.
ജലമോഷണം തടയുന്നതിന്റെ ഭാഗമായി നല്‍കുന്ന പാരിതോഷികങ്ങള്‍ ഉപാധികള്‍ക്കധിഷ്ഠിതമായിരിക്കും കേരള വാട്ടര്‍ അതോറിറ്റിയിലെ സ്ഥിര- താല്‍ക്കാലിക (കുടുംബശ്രീ, എച്ച്.ആര്‍ ഉള്‍പ്പടെ) ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പാരിതോഷികത്തിന് അർഹരല്ല. പിഴത്തുക അതോറിറ്റിക്കു ലഭ്യമാകുന്ന മുറയ്ക്കുമാത്രമേ പാരിതോഷികങ്ങള്‍ നല്‍കുകയുള്ളു. വീഡിയോ, ഫോട്ടോ എന്നിവ തെളിവായി അതത് ഡിവിഷനിലെ എക്സിക്യൂട്ടിവ് എന്‍ജിനീയരുടെ മൊബൈല്‍ നമ്പറിലേക്കോ, 9495998258 എന്ന നമ്പറിലേക്കോ, [email protected] എന്ന ഇമെയിലിലേക്കോ അയയ്ക്കേണ്ടതാണ്. കൃത്യമായ ലൊക്കേഷന്‍ നല്‍കുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. 1916-ല്‍ കിട്ടുന്ന പരാതികള്‍ ഉടന്‍ തന്നെ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കു കൈമാറും. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ പരാതി ലഭിച്ച് 24 മണിക്കൂറിനകം വിശദവിവരങ്ങള്‍ അതോറിറ്റിയിലെ റവന്യു മോണിട്ടറിങ് വിഭാഗത്തെ ഇമെയില്‍ മുഖേന അറിയിക്കണം.
കേരള വാട്ടര്‍ അതോറിറ്റിയുടെ വാട്ടര്‍ താരിഫ് ലിറ്ററിന് ഒരു പൈസ നിരക്കില്‍ വര്‍ധിപ്പിച്ചതിനു ശേഷം കുടിശ്ശികയുള്ള കണക്ഷനുകളുടെ എണ്ണത്തിൽ വര്‍ധനയുണ്ടായിട്ടുണ്ട്. കുടിശ്ശിക വരുത്തുന്ന വാട്ടര്‍ കണക്ഷനുകളുടെ വിച്ഛേദന നടപടികള്‍ 2023 ഏപ്രിൽ ഒന്നു മുതൽ കർശനമാക്കിയിട്ടുണ്ടെങ്കിലും വിച്ഛേദന നടപടികളെത്തുടർന്ന് ശുദ്ധജല ദുരുപയോഗവും ജലമോഷണവും കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ഈ കാലഘട്ടത്തില്‍ ജലദുരുപയോഗം തടയേണ്ടത് പൊതുസമൂഹത്തിന്റെ കൂടെ കടമയാണെന്ന അവബോധം സൃഷ്ടിക്കുന്നതിനായാണ് ജലമോഷണം അറിയിക്കുന്നവർക്ക് പാരിതോഷികം ഏർപ്പെടുത്താൻ വാട്ടർ അതോറിറ്റി തീരുമാനിച്ചത്.
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-5.55.46-PM-1-1024x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-14-at-2.59.06-PM-1.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-09-03-at-11.24.21-PM-1-1024x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/kokkad-1-954x1024.jpeg)
![](https://dailyvoicekadakkal.com/wp-content/uploads/2023/09/WhatsApp-Image-2023-02-03-at-2.22.51-PM-3-3-1024x245.jpeg)