
പത്തനംതിട്ട: വടശേരിക്കര മണിയാര്‍ വനമേഖലയോടു ചേര്‍ന്ന് കട്ടച്ചിറ റോഡരികില്‍ അവശനിലയിൽ കണ്ട കടുവ ചത്തു. ഇന്നലെ രാവിലെയാണ് കടുവയെ അവശനിലയിൽ കണ്ടെത്തിയത്
രണ്ടു വയസ് തോന്നിക്കുന്ന കടുവയുടെ ചെവിയുടെ താഴെയും കൈയിലും മുറിവേറ്റിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി കടുവയെ കോന്നി ആനത്താവളത്തിലേക്കു മാറ്റി. വനം വെറ്ററിനറി സര്‍ജനും സംഘവും അവിടെ കടുവയെ പരിശോധിച്ചു ചികിത്സ നൽകാനുള്ള തയ്യാറെടുപ്പിനിടെ ഇത് ചാകുകയായിരുന്നു. കടുവയുടെ ജഡം പിന്നീട് പോസ്റ്റുമോർട്ടം നടത്തി.
ഭക്ഷണം കഴിക്കാനാകാത്തതിന്റെ അവശതയിലായിരുന്നു കടുവയെന്നു പറയുന്നു. കാട്ടാനയുടെ ആക്രമണത്തിലോ മറ്റോ ആകാം കടുവയ്ക്കു പരിക്കേറ്റതെന്നു കരുതുന്നുവെന്ന് വടശേരിക്കര റേഞ്ച് ഓഫീസര്‍ രതീഷ് പറഞ്ഞു.







