
കേരളത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വൈജ്ഞാനിക തൊഴിൽ രംഗത്ത് അവസരമുറപ്പിക്കുന്നതിനായി കേരള നോളെജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന തൊഴിൽതീരം പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ ലോഗോ ഫിഷറീസ് അസി. ഡയറക്ടർ ഡോ. അദീല അബ്ദുള്ളയ്ക്കു നൽകി പ്രകാശനം നിർവഹിച്ചു. മന്ത്രിയുടെ ചേംബറിൽ നടന്ന പരിപാടിയിൽ ഫിഷറീസ് അസി. ഡയറക്ടർ ശ്രീലു എൻ എസ്, കേരള നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി എസ് ശ്രീകല എന്നിവർ പങ്കെടുത്തു.
ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് തൊഴിൽതീരം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ 46 തീരദേശ നിയോജകമണ്ഡലങ്ങളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. അഭ്യസ്തവിദ്യരായ മത്സ്യബന്ധന സമൂഹത്തിലെ ഉദ്യോഗാർഥികളെ കണ്ടെത്തി അവർക്ക് നോളെജ് ഇക്കോണമി മിഷന്റെ തൊഴിൽ നൈപുണ്യ പരിശീലനം, ജോബ് ഓറിയന്റേഷൻ, റോബോട്ടിക്ക് ഇന്റർവ്യൂ , ഇംഗ്ലീഷ് സ്‌കോർ ടെസ്റ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകി വൈജ്ഞാനിക തൊഴിലിലേക്കെത്തിക്കും. പ്ലസ്ടുവാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. റിമോർട്ട് വർക്കുകൾ, ഫ്രീലാൻസ് ജോലികൾ, വർക്ക് ഓൺ ഡിമാൻഡ് ജോലികൾ, പാർട്ട് ടൈം ജോലികൾ ഉൾപ്പെടെ നവലോക തൊഴിലുകൾ കണ്ടെത്തി അവ നേടുന്നതിനാവശ്യമായ പരിശീലനങ്ങൾ തൊഴിലന്വേഷകർക്ക് നൽകുകയും അതോടൊപ്പം തൊഴിൽ ദായകരുടെ ആവശ്യങ്ങൾക്കനുയോജ്യമായ തൊഴിൽസേനയെ ലഭ്യമാക്കാനും ഡിജിറ്റൽ പ്ലാറ്റ്‌ഫോം (DWMS) വഴി സാഹചര്യമൊരുക്കുകയും ചെയ്യും. തൊഴിൽസജ്ജരായ ഉദ്യോഗാർഥികളെ പ്രത്യേക തൊഴിൽ മേളകളിലൂടെയാണ് തൊഴിലിലേക്കെത്തിക്കുന്നത്.





