
സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടപ്പിലാക്കി വരുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി എം.എസ്.ഡബ്ല്യു./ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുക. ജനസമ്പർക്ക പ്രവർത്തനങ്ങൾക്കാണ് ഇവരുടെ സേവനം വിനിയോഗിക്കുകയെന്നും അത്യാഹിത വിഭാഗത്തിൽ സമയബന്ധിതമായി മികച്ച ചികിത്സ നൽകുന്നതോടൊപ്പം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകരമായ രീതിയിലുള്ള പ്രവർത്തനങ്ങൾക്കാണ് ഉന്നൽ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജുകളിൽ ജനസൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, ചികിത്സയുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് മികച്ച സാഹചര്യം ഒരുക്കുക എന്നിവയാണ് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവിലൂടെ ലക്ഷ്യമിടുന്നത്. രോഗികളുമായും കൂട്ടിരിപ്പുകാരുമായും സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കൺട്രോൾ റൂമും പി.ആർ.ഒ. സേവനവും ലഭ്യമാക്കാൻ മന്ത്രി ഉന്നതതല യോഗത്തിൽ നിർദേശം നൽകിയിരുന്നു.
ഇതേ തുടർന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കുലർ ഇറക്കുകയും ചെയ്തിട്ടുണ്ട്. ഡോക്ടർമാർ, നഴ്‌സിംഗ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരടങ്ങുന്ന മൾട്ടി ഡിസിപ്ലിനറി ടീമിൽ ഒരംഗമായി ഇവർ പ്രവർത്തിക്കണം. രോഗികളെയും കുടുംബാംഗങ്ങളെയും മറ്റ് ടീമംഗങ്ങളെയും ഏകോപിപ്പിക്കുകയും സഹായിക്കുകയും വേണം. രോഗിക്കും കുടുംബത്തിനും അവർക്ക് മനസിലാകുന്ന ഭാഷയിൽ രോഗാവസ്ഥ ബോധ്യമാക്കണം. രോഗികൾക്ക് സഹായകമായ സർക്കാർ സ്‌കീമുകളെക്കുറിച്ച് മനസിലാക്കിക്കൊടുക്കണം. ഇതോടൊപ്പം ഡിസ്ചാർജിലും ബാക്ക് റഫറലിലും ഡോക്ടറെ സഹായിക്കുകയും വേണം.
വിവിധ കോളേജുകളിൽ നിന്നുള്ള എം.എസ്.ഡബ്ല്യുക്കാർക്ക് ഇന്റേൺഷിപ്പിന്റെ ഭാഗമായി മെഡിക്കൽ കോളേജുകളിൽ പരിശീലനം നൽകും. ഇതിന്റെ ഭാഗമായി തിരുവന്തപുരം മെഡിക്കൽ കോളേജിൽ വിവിധ കോളേജുകളിൽ നിന്നുള്ള 15 പേർക്ക് വിവിധ ഘട്ടങ്ങളിലായി ഇതിനോടകം പരിശീലനം നൽകി.
സോഷ്യൽ വർക്കർമാരുടെ സേവനം ഘട്ടംഘട്ടമായി സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും വ്യാപിപ്പിക്കും. തിരുവനന്തപുരത്തിന് പുറമേ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്ന ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളേജുകളിലാണ് ആദ്യഘട്ടമായി സോഷ്യൽ വർക്കർമാരുടെ സേവനം ലഭ്യമാക്കുന്നത്. തുടർന്ന് മറ്റ് മെഡിക്കൽ കോളേജുകളിലും നടപ്പിലാക്കും.



