മയക്കുമരുന്നുകൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്നവർക്കെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക പരിശോധനയിൽ 244 പേർ അറസ്റ്റിലായി. ഇതുവരെ 246 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാനതല ആന്റി നർകോട്ടിക് ടാസ്‌ക്‌ഫോഴ്‌സ് മേധാവി എഡിജിപി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷൻ ഡി-ഹണ്ട് ആവിഷ്‌കരിച്ചത്. സോൺ ഐജിമാർ, റെയ്ഞ്ച് ഡിഐജിമാർ എന്നിവരുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.
സംസ്ഥാനത്ത് 1373 പേരെയാണ് പോലീസ് പരിശോധിച്ചത്. വിവിധ ജില്ലകളിൽ നിന്നായി 81.46 ഗ്രാം എംഡിഎംഎയും 10.352 കിലോഗ്രാം കഞ്ചാവും പിടികൂടി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കൊച്ചി സിറ്റിയിലാണ് – 61 പേർ. ആലപ്പുഴയിൽ 45 പേരും ഇടുക്കിയിൽ 32 പേരും അറസ്റ്റിലായി. തിരുവനന്തപുരം സിറ്റിയിൽ 21 പേരും തിരുവനന്തപുരം റൂറലിൽ എട്ടു പേരുമാണ് പോലീസ് പിടിയിലായത്. ഏറ്റവും കൂടുതൽ എംഡിഎംഎ പിടിച്ചെടുത്തത് കൊല്ലം സിറ്റിയിൽ നിന്നാണ് – 37.41 ഗ്രാം. തിരുവനന്തപുരം റൂറലിൽ നിന്ന് 22.85 ഗ്രാം എംഡിഎംഎ പിടികൂടി.
കൊച്ചി സിറ്റിയിൽ മാത്രം 58 കേസുകൾ രജിസ്റ്റർ ചെയ്തു. ആലപ്പുഴയിൽ 44 ഉം ഇടുക്കിയിൽ 33 ഉം തിരുവനന്തപുരം സിറ്റിയിൽ 22 ഉം തിരുവനന്തപുരം റൂറലിൽ ആറും കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മയക്കുമരുന്ന് ശേഖരിക്കുന്നവരെയും വിതരണം ചെയ്യുന്നവരെയും കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ് സാഹിബ് അറിയിച്ചു.