
ഓൺലൈൻ ലോൺ ആപ്പിലെ ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പ് നൽകി പോലീസ്. സർക്കാർ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ഓൺലൈൻ ലോൺ ആപ്പുകളുമായി യാതൊരു കാരണവശാലും ബന്ധപ്പെടാൻ പാടുള്ളതല്ലെന്ന് പോലീസ് ആവശ്യപ്പെട്ടു.
അറിഞ്ഞോ അറിയാതെയോ ലോണിനായി നാം നൽകുന്നത് ഫോണിലെ സ്വകാര്യ വിവരങ്ങളും, കോൺടാക്ട് ലിസ്റ്റുകളും ആണ്. ലോൺ കൈപറ്റിയ ഉപഭോക്താക്കളുടെ സ്വകാര്യ ഫോട്ടോകൾ മോർഫ് ചെയ്തു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കും എന്നു പറഞ്ഞാകും ഭീഷണിപ്പെടുത്തി പണം തട്ടുന്നത്. അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു മാത്രം പണമിടപാടുകൾ നടത്തുവാൻ ശ്രദ്ധിക്കുക. ഇത്തരം ലോൺ ആപ്പുകൾ സന്ദർശിക്കുന്നത് പോലും നിങ്ങളെ ചതിക്കുഴിയിൽ വീഴ്ത്താവുന്ന ഒന്നാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന വേളയിൽ യാതൊന്നും ശ്രദ്ധിക്കാതെ വായ്പ്പാ ആപ്പുകാർ ആവശ്യപ്പെടുന്ന പെർമിഷനുകൾ നൽകുന്നു. ഇതുവഴി സ്വകാര്യ വിവരങ്ങൾ ചോർത്തുക മാത്രമല്ല, വായ്പ എടുത്തവരുടെ ഫോൺ പോലും വിദൂര നിയന്ത്രണത്തിലാക്കാൻ തട്ടിപ്പുകാർക്ക് അവസരം ലഭിക്കുന്നു. അതിനാൽ സാധാരണക്കാരുടെ ഡിജിറ്റൽ നിരക്ഷരത മുതലെടുത്ത് വൻതട്ടിപ്പ് നടത്തുന്ന ഇത്തരം ലോൺ സംഘങ്ങളുടെ കെണിയിൽപ്പെടാതെ സൂക്ഷിക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു




