കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തി. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയിൽ പ്രത്യേക ഒപിഡി ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും നിപയുടെ ലക്ഷണങ്ങൾ ഉള്ളവർക്ക് ആശുപത്രിയിൽ പോകാതെ ഡോക്ടറുടെ സേവനം തേടാനും ഇതിലൂടെ സാധിക്കുന്നു. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് ഇ സഞ്ജീവനി നിപ ഒപിഡി സേവനം ലഭ്യമാകുക.
ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ സഞ്ജീവനി പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒപിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പടെ 47 ഓളം വിവിധ ഒ പി സേവനങ്ങളാണ് നൽകുന്നത്. ഇതുകൂടാതെ ഇ സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിലൂടെ ത്രിതല ഹബ്ബ് ആന്റ് സ്പോക്ക് സംവിധാനം വഴി ഡോക്ടർ ടു ടോക്ടർ സേവനവും ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഇതിലൂടെ മെഡിക്കൽ കോളേജുകളിൽ പോകാതെ തന്നെ തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ നിന്നും എല്ലാ സൂപ്പർ സ്പെഷ്യലിറ്റി സേവനങ്ങളും ലഭ്യമാക്കാൻ കഴിയുന്നു. ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശവർക്കർമാർ, സ്റ്റാഫ് നഴ്സുമാർ, ജെഎച്ച്ഐ, ജെപിഎച്ച്എൻ. എന്നിവർക്കും ഇ സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാവുന്നതാണ്. ഇതിലൂടെയെല്ലാം സമയവും യാത്രാ ചെലവുമെല്ലാം ലാഭിക്കാവുന്നതാണ്
എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?
ആദ്യമായി https://esanjeevaniopd.in/kerala എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details… മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ, ലാപ്ടോപോ അല്ലെങ്കിൽ ടാബോ ഉണ്ടെങ്കിൽ https://esanjeevani.mohfw.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കാം.
Patient എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം പ്രസ്തുത വ്യക്തികൾ ഉപയോഗിക്കുന്ന ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക. തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ചു ലോഗിൻ ചെയ്യുക. അതിനു ശേഷം consult now എന്ന ഐക്കൺ ക്ലിക്ക് ചെയ്ത ശേഷം chief complaints എന്ന ഓപ്ഷനിൽ നിങ്ങളുടെ പ്രധാനപ്പെട്ട രോഗ ലക്ഷണങ്ങൾ രേഖപ്പെടുത്തുക.
അതിനു ശേഷം സേവ് & നെക്സ്റ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുകയും നിങ്ങൾ രേഖപ്പെടുത്തിയ രോഗ ലക്ഷണവുമായി ബന്ധപ്പെട്ട തുടർ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുക. തുടർന്ന് വലതു വശത്തെ arrow mark ൽ ക്ലിക്ക് ചെയ്ത ശേഷം query option നിർബന്ധമായും ഫിൽ ചെയ്യുക.
അടുത്തതായി വരുന്ന Within state only എന്ന ഓപ്ഷൻ കൊടുക്കുകയും OPD സെലക്ട് ചെയ്യുകയും ചെയ്യുക. തുടർന്ന് ഡോക്ടറിനെ സെലക്ട് ചെയ്ത് കാൾ ചെയ്ത ശേഷം രോഗ വിവരങ്ങൾ പറഞ്ഞ് കൺസൾട്ടേഷൻ പൂർത്തിയാക്കാം.
ഒപി കൺസൾട്ടേഷൻ പൂർത്തിയാക്കിയ ശേഷം ഡോക്ടറുടെ കുറിപ്പടി ഡൗൺലോഡ് ചെയ്ത് തൊട്ടടുത്ത ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും നിർദേശിച്ചിട്ടുള്ള മരുന്നുകൾ വാങ്ങാവുന്നതാണ്.