കെ എസ് ആർ ടി സിയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ചൊവ്വാഴ്ച മുതൽ പുതിയ പ്ലാറ്റ്ഫോമിലേക്ക്. www.onlineksrtcswift.com എന്ന വെബ്സൈറ്റും Ente KSRTC Neo OPRS എന്ന മൊബൈൽ ആപ്ലിക്കേഷനിലുമാണ് ചൊവ്വാഴ്ച മുതൽ റിസർവേഷൻ സൗകര്യമുള്ളത്
കെ എസ് ആർ ടി സി യുടെ ഓൺലൈൻ റിസർവേഷൻ സംവിധാനം കൈകാര്യം ചെയ്തിരുന്ന അഭിബസുമായുള്ള കരാർ 2023 സെപ്റ്റംബർ 30 ഓടെ അവസാനിക്കും. ഇത് പരിഗണിച്ചാണ് പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുന്നത്. ഇതിനായി പുതിയ സർവീസ് പ്രൊവൈഡർക്ക് വേണ്ടി കഴിഞ്ഞ വർഷം ഓഗസ്റ്റ് 12 ന് കെ എസ് ആർ ടി സി തന്നെ ടെൻഡർ വിളിച്ചിരുന്നു. തുടർന്ന് പുതിയ കമ്പനിക്ക് വർക്ക് ഓഡർ നൽകി.
കമ്പനിയുടെ പ്രവർത്തന ക്ഷമത നിരീക്ഷിക്കുന്നതിനായി 2023 മേൈയ് മാസം മുതൽ ഓഗസ്റ്റ് 31 വരെ അഞ്ച് മാസക്കാലം കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകൾക്ക് മാത്രം പുതിയ പ്ലാറ്റ്ഫോമിൽ പരീക്ഷണമായി ബുക്കിംഗ് സംവിധാനം ഒരുക്കിയിരുന്നു, ഈ പരീക്ഷണം വിജയിച്ചിരുന്നു. തുടർന്നാണ് 2023 സെപ്റ്റംബർ അഞ്ച് മുതൽ കെ എസ് ആർ ടി സിയുടേയും കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റിന്റെയും എല്ലാ സർവീസുകളേയും ഉൽപ്പെടുത്തി ഈ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം പരീക്ഷണാർത്ഥം ആരംഭിക്കുന്നത്. കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ വരുമാനം കെ എസ് ആർ ടി സിയുടെ അക്കൗണ്ടിൽ മാത്രം ആണ് ലഭിക്കുക. കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ കളക്ഷൻ ശേഖരിക്കുന്ന ഒരു സംവിധാനവും നിലവിലില്ല. വരുമാനം മറ്റ് കമ്പനികളിലേക്ക് പോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ജീവനക്കാർക്കിടയിലും യാത്രക്കാർക്കിടയിലും തെറ്റദ്ധാരണ മാത്രമേ ഉണ്ടാക്കൂ എന്നും മാനേജ്മെന്റ് പറഞ്ഞു.