
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍ഗോഡ് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്.
ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളുണ്ട്
ഞായറാഴ്‌ച ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന ദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയ്ക്ക് അവസരമുണ്ടാകില്ല. 26-ാം തിയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയുക.
തിരുവനന്തപുരം- കാസര്‍ഗോഡ് റൂട്ടില്‍ തിങ്കളാഴ്ചയും കാസര്‍ഗോഡ് -തിരുവനന്തപുരം റൂട്ടില്‍ ചൊവ്വാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. ട്രെയിന്‍ സര്‍വീസിന്റെ പ്രതീക്ഷിക്കുന്ന സമയക്രമം പുറത്തുവന്നിട്ടുണ്ട്. കാസര്‍ഗോഡ് നിന്ന് ഏഴു മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ തിരുവനന്തപുരത്ത് 3.05 ന് എത്തും.





