
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ അവസരം. കരട് പട്ടിക സെപ്റ്റംബർ 8 നും അന്തിമ പട്ടിക ഒക്ടോബർ 16 നും പ്രസിദ്ധീകരിക്കും. മരിച്ചവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും.
2020 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ അതിനായി പട്ടിക പുതുക്കിയിരുന്നു. ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ് പൂർത്തിയായ അർഹതപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനുമാണ് സംക്ഷിപ്ത പുതുക്കൽ നടത്തുന്നത്. തദ്ദേശ ഉപതെരഞ്ഞടുപ്പിനും 2025 ലെ പൊതു തെരഞ്ഞൈടുപ്പിനും ആവശ്യമായ ഭേദഗതികളോടെ ഈ പട്ടിക ഉപയോഗിക്കും.
പട്ടികയിൽ പേര് ചേർക്കാനും തിരുത്താനും sec.kerala.gov.in സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. പേര് ഒഴിവാക്കുന്നതിന് ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് പ്രിന്റൗട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം. അക്ഷയ കേന്ദ്രം, അംഗീകൃത ജനസേവനകേന്ദ്രം എന്നിവ മുഖേനയും അപേക്ഷ നൽകാം.
941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാർഡുകളും 87 മുനിസിപ്പാലിറ്റികളിലെ 3113 വാർഡുകളും 6 കോർപ്പറേഷനുകളിലെ 414 വാർഡുകളും ഉൾപ്പെടെ 19,489 വാർഡുകളിലെ വോട്ടർ പട്ടികയാണ് പുതുക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതാത് സെക്രട്ടറിമാരും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ട്രറൽ രജിസ്‌ട്രേഷൻ ഓഫീസർ.




