
മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം സെപ്റ്റംബർ 11 തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ 16 വരെ രണ്ടാംഘട്ടം തുടരും. സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിൽ വാക്സിനേഷൻ സ്വീകരിക്കാം. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വാക്സിനേഷൻ. ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിനെടുക്കാത്ത ഗർഭിണികളും 5 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും വാക്സിൻ സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
മൂന്ന് ഘട്ടങ്ങളിലായാണ് മിഷൻ ഇന്ദ്രധനുഷ് സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 7 മുതൽ നടന്ന ഒന്നാംഘട്ടം 75 ശതമാനത്തിലധികം കുട്ടികൾക്കും 98 ശതമാനത്തിലധികം ഗർഭിണികൾക്കും വാക്സിൻ നൽകി വിജയമായി. സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 5 വയസ് വരെയുളള 1,16,589 കുട്ടികളെയുമാണ് പൂർണമായോ ഭാഗികമായോ വാക്സിൻ എടുക്കാത്തതായി കണ്ടെത്തിയത്. അതിൽ 18,389 ഗർഭിണികൾക്കും 87,359 അഞ്ച് വയസ് വരെയുളള കുട്ടികൾക്കും വാക്സിൻ നൽകി. ഒക്ടോബർ 9 മുതൽ 14 വരെയാണ് മൂന്നാം ഘട്ടം.
ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുക്കാൻ വിട്ടുപോയിട്ടുളള 2 മുതൽ 5 വയസ് വരെയുള്ള എല്ലാ കുട്ടികൾക്കും പൂർണമായോ ഭാഗികമായോ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം വാക്സിൻ എടുത്തിട്ടില്ലാത്ത ഗർഭിണികൾക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിൻ നൽകുന്നത്.
സർക്കാർ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണഭോക്താക്കൾക്ക് എത്തിച്ചേരാൻ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലുമാണ് വാക്സിനേഷൻ നൽകുക. കൂടാതെ എത്തിച്ചേരാൻ ബുദ്ധിമുട്ടുളള സ്ഥലങ്ങളിൽ മൊബൈൽ ടീമിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.




