
അഭ്യസ്ത വിദ്യരായ സ്ത്രീകൾക്കുള്ള തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടം ഉദ്ഘാടനം ആരോഗ്യ, വനിതാ ശിശുക്ഷേമ മന്ത്രി വീണ ജോർജ് നിർവഹിച്ചു. 2026 ഓടെ 20 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിലുള്ള സുപ്രധാന ചുവടുവെപ്പാണ് തൊഴിലരങ്ങത്തേക്ക് പദ്ധതി. സ്ത്രീശാക്തീകരണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് സാമ്പത്തിക ശാക്തീകരണം. സാമ്പത്തിക ശാക്തികരണം സാധ്യമാകുന്നത് തൊഴിൽ ഉറപ്പാക്കി, സാമ്പത്തികമായ സ്വാതന്ത്ര്യം നേടുന്നതിലൂടെയാണ്.
ഉയർന്ന വിദ്യാഭ്യാസമുള്ള ആളുകൾ ധാരാളമായുഉള്ള സംസ്ഥാനമെന്ന നിലയിൽ ആഗോളതലത്തിൽ തന്നെ കേരളത്തിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് വലിയ സ്വീകാര്യതയാണ് തൊഴിൽ രംഗത്തുള്ളത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യു കെയിൽ നടത്തിയ സന്ദർശനത്തെ തുടർന്ന് നാലു തവണയാണ് ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റിനായി കേരളത്തിൽ ജോബ് ഫെസ്റ്റ് നടത്തിയത്. നമ്മുടെ വിഭവശേഷി സംസ്ഥാനത്തിനകത്ത് വിനിയോഗിക്കാൻ കഴിയുന്ന രീതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായുണ്ട്. മികച്ച പ്രവർത്തനത്തിലൂടെ ചരിത്രത്തിലാദ്യമായി വനിത വികസന കോർപ്പറേഷൻ ലാഭ വിഹിതം മുഖ്യമന്ത്രിക്ക് കൈമാറിയ വർഷം കൂടിയാണിത്. നോളജ് ഇക്കോണമി മിഷൻ, കെ ഡിസ്‌ക്, കുടുംബശ്രീ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിൽ വനിത വികസന കോർപ്പറേഷനും ജൻഡർ പാർക്കും ഭാഗമാകും. യോഗ്യതകളും ശേഷിയും അടിസ്ഥാനമാക്കി തൊഴിലവസരങ്ങൾ സൃഷ്ടിച്ച് പ്രാദേശിക സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ തൊഴിലരങ്ങത്തേക്ക് പദ്ധതിക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ നടന്ന പരിപാടിയിൽ വി കെ പ്രശാന്ത് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. വനിത വികസന കോർപ്പറേഷൻ എം ഡി ബിന്ദു വി സി, കെ കെ ഇ എം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി മധുസൂദനൻ , കുടുംബശ്രീ മിഷൻ ജില്ല കോർഡിനേറ്റർ ഡോ. ശ്രീജിത്ത്, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, കുടുംബശ്രീ സ്റ്റേറ്റ് പോഗ്രാം മാനേജർ സാബു ബി എന്നിവർ സംബന്ധിച്ചു.



