വർണ്ണഭമായ ഈ പൂവിടൽ ഒരു യാത്രാ മൊഴിയാണ്. ഈ പനയുടെ പൂക്കൾ കായ്കളായി , വിത്തുകളായി മണ്ണിൽ പൊട്ടി വീഴുന്നു പുതിയ പിറവിയ്ക്കായി
കടയ്ക്കൽ പഞ്ചായത്തിലെ നെടുമൺപുരം നാഗര് കാവിലെ കുടപ്പനയാണ് പൂത്തത്.
അപൂര്‍വ കാഴ്ചയായതിനാല്‍ പരിസരവാസികളടക്കം നിരവധിപേരാണ് കാണാനായി എത്തുന്നത്. 20 മുതല്‍ 30 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഇവ പൂക്കുക. കുടപ്പനയുടെ പൂർണ്ണവളർച്ചയുടെ അവസാനത്തിലാണ് ഇതിൽ പൂക്കൾ ഉണ്ടാകുന്നത്.ഇങ്ങനെ പൂക്കൾ ഉണ്ടായിക്കഴിഞ്ഞാൽ ആ സസ്യത്തിന്റെ എല്ലാ പോഷകങ്ങളും ആ പൂക്കളിലേക്ക് പോവുകയും ക്രമേണ മരം നശിച്ചു പോവുകയും ചെയ്യുന്നു ഏകദേശം 60 വർഷത്തോളമെടുക്കും ഒരു പ്രായപൂർത്തിയായ പനയിൽ നിന്ന് പൂക്കൾ ഉണ്ടാകാൻ
ഇതിന്റെ ഓലകൾ (പട്ടകൾ) ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ഇതിന്നു കുടപ്പന എന്ന പേർ വന്നത്. വീടുകളുടെ മേൽക്കൂര മേയാനായി ഇതിന്റെ ഓലകൾ വ്യാപകമായി പണ്ട് ഉപയോഗിച്ചിരുന്നു. കേരളത്തിൽ ആദ്യ കാലങ്ങളിൽ എല്ലാവരും ഉപയോഗിച്ചിരുന്നത് ഇതിന്റെ പട്ടകൾ കൊണ്ടുണ്ടാക്കിയ കുടകളായിരുന്നു. ഇതുപയോഗിച്ചുണ്ടാക്കുന്ന കുടകൾ കാർഷികമേഖലയിൽ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. തൊപ്പിക്കുടകൾ പുരുഷന്മാരും കുണ്ടൻകുടകൾ കുനിഞ്ഞു നിന്നു പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളും ഉപയോഗിക്കുന്നു
ഒരുകാലത്ത് പനംകായ്കള്‍ ചതച്ചെടുത്ത് ജലാശയങ്ങളില്‍ നഞ്ച് കലക്കി മത്സ്യം പിടിക്കാന്‍ ഉപയോഗിച്ചിരുന്നു. പനംകായ്കള്‍ ഇടിച്ച് ആനകള്‍ക്ക് തീറ്റയായും നല്‍കിയിരുന്നു. പന കുലച്ചുകഴിഞ്ഞാല്‍ തായ്തടി വെട്ടിയെടുത്ത് അതിനുള്ളിലെ കാമ്പെടുത്ത് കുറുക്കി ഭക്ഷണമായും ഉപയോഗിച്ച കാലമുണ്ടായിരുന്നു.