
കെഎസ്ആർടിസി ബസ് ഡ്രൈവറെ സ്റ്റാൻഡിലിട്ട് തല്ലി. ഇതര സംസ്ഥാന തൊഴിലാളികളാണ് ഡ്രൈവറെ തല്ലിയത്. പോത്തൻകോടാണ് സംഭവം. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ ശശികുമാറിനാണ് മർദ്ദനമേറ്റത്. നാട്ടുകാർ ചേർന്നാണ് ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
പശ്ചിമ ബംഗാൾ സ്വദേശികളായ ഹൈദർ അലി (31), സമീർ ദാസ് (22) ആസാം സ്വദേശി മിഥുൻ ദാസ് (27) എന്നിവരെയാണ് നാട്ടുകാർ ചേർന്ന് പിടികൂടിയത്. പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച് മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചതിന് ശേഷം ബസിൽ ശക്തമായി അടിക്കുകയും ചെയ്തു. തുടർന്ന് ഡ്രൈവർ ബസ് നിർത്താതെ കെഎസ്ആർടിസി പോത്തൻകോട് സ്റ്റാൻഡിലേക്ക് പോയി. പുറകിൽ നിന്ന് വന്ന മറ്റൊരു ബസ്സിൽ കയറിയ സംഘം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ച് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു.
യാത്രക്കാർ തടിച്ചുകൂടിയത് കണ്ട് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ചേർന്ന് ഇവരെ പിടികൂടുകയായിരുന്നു.






