
കേരളത്തിന്റെ മികച്ച മാതൃകകളെയും വിവിധ മേഖലകളിൽ ഇതുവരെ ആർജിച്ച നേട്ടങ്ങളെയും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളത്തിന്റെ മഹോത്സവം കേരളീയം 2023ന്റെ മീഡിയ സെന്റർ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ പ്രവർത്തനം തുടങ്ങി. മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്ര മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലാണ് മീഡിയ സെന്റർ പ്രവർത്തിക്കുന്നത്.
ലോകം നിറഞ്ഞുനിൽക്കുന്ന മലയാളിയെ ആഘോഷിക്കാൻ കേരളീയം പരിപാടി നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി കെ.എസ്. ചിത്ര പറഞ്ഞു. ഈ വർഷം നവംബർ ഒന്നിലെ കേരളപ്പിറവി ദിനം ഏറ്റവും മികച്ചതായിരിക്കും. കാരണം അന്ന് മുതൽ ഒരാഴ്ചക്കാലമാണ് തിരുവനന്തപുരത്ത് കേരളീയം 2023 നടക്കുക. എല്ലാ മേഖലകളിലെയും കേരളത്തിന്റെ ലോകോത്തര സംഭാവനകളെ ലോകത്തിനു മുമ്പാകെ വിളംബരം ചെയ്യുന്നതിനുള്ള ഉജ്ജ്വല വേദിയാണ് കേരളീയമെന്ന് ചിത്ര പറഞ്ഞു.
ഒരു ഗായിക എന്ന നിലയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയിട്ടുണ്ട്. അവിടെയെല്ലാം മലയാളിക്ക് ലഭിക്കുന്ന ആദരവും അംഗീകാരവും അടുത്തറിയാനും സാധിച്ചിട്ടുണ്ട്. നമ്മുടെ കഴിവിനും ആത്മാർത്ഥതയ്ക്കും ലഭിക്കുന്ന ആദരവാണത്. കേരളീയം ഗംഭീര വിജയമാകട്ടെയെന്നും ചിത്ര ആശംസിച്ചു. ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം’ എന്ന ഗാനം പാടി ഉദ്ഘാടനച്ചടങ്ങിനെ പ്രിയഗായിക ആസ്വാദ്യകരമാക്കി. കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിനുമുന്നിൽ എത്തിച്ച് കേരളീയത്തെ ചരിത്രസംഭവമാക്കുന്നതിനുള്ള പരിശ്രമങ്ങളാണു നടക്കുന്നത് എന്ന് ചടങ്ങിൽ ആമുഖപ്രഭാഷണം നടത്തിയ ഭക്ഷ്യ -സിവിൽ സപ്‌ളൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. എ. എ. റഹീം എം.പി., എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, വ്യവസായവകുപ്പ് ഡയറക്ടറും സ്വാഗതസംഘം കൺവീനറുമായ എസ്. ഹരികിഷോർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ് എന്നിവർ സംബന്ധിച്ചു.
നവംബർ ഒന്നു മുതൽ ഏഴു വരെയാണ് കേരളീയം പരിപാടി തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കുന്നത്. കേരളീയം പരിപാടിക്ക് പരമാവധി പ്രചാരണം ഉറപ്പാക്കുന്നതിനാണ് മീഡിയ സെന്റർ നേരത്തെ തന്നെ പ്രവർത്തനം തുടങ്ങിയത്.






