കടയ്ക്കൽ എന്ന പേരിന് ത്യാഗ പൂർണ്ണമായ ഒരു ഇന്നലെകളുണ്ട്.
‘കടയ്ക്കൽ’
വെറും സ്ഥലനാമം മാത്രമല്ല,
ഇന്നലെകളിൽ കത്തിപ്പടർന്ന വിപ്ലവേതിഹാസത്തിൻ്റെ, ചരിത്രത്തിൻ്റെ കൂടി പേരാകുന്നു.
“ഉജ്ജ്വലമായ പോരാട്ട വീര്യത്തിൻ്റെ
‘ആ, ഇന്നലെ’ കളാണ് ഈ നാടിൻ്റെ ഇന്നിൻ്റെ ഊർജ്ജ്വവും ആവേശവും, കരുത്തും…..അടയാളപ്പെടുത്തലും!
സർ സിപി രാമസ്വാമി അയ്യരുടേയും, വെള്ളക്കാരൻ്റെ ചോറ്റുപട്ടാളത്തിൻ്റേയും അധീശത്വ ഗർവ്വിനെതിരെ രക്തരൂക്ഷിത കലാപം സംഘടിപ്പിച്ച് ധീര പോരാളികളായ ഫ്രാങ്കോ രാഘവൻപിള്ളയെ രാജാവും പിന്നോക്ക വിഭാഗക്കാരനായ ചിന്തിരപ്പൻകാളിയമ്പിയെ മന്ത്രിയുമായി ഈ നാട്ടിലെ ദേശാഭിമാനികളായ ജനത പ്രഖ്യാപിച്ചതിൻ്റെ എൺപത്തിഅഞ്ചാം വാർഷികമാണ് ഇന്ന്.
വിദേശാധിപത്യത്തില്‍ നിന്നും മോചനം ലഭിക്കുവാന്‍ ഇന്ത്യ നടത്തിയ പോരാട്ടം ലോക ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. സ്വാതന്ത്ര്യം എന്ന ഒറ്റ ലക്ഷ്യത്തിനായുള്ള പോരാട്ടത്തില്‍ ആയിരക്കണക്കിനു ദേശാഭിമാനികളുടെ ജീവത്യാഗം, ദശലക്ഷക്കണക്കായുള്ള ജനങ്ങള്‍ അനുഭവിച്ച കൊടിയ മര്‍ദ്ദനം… ഇതിന്റെയെല്ലാം ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിറം മങ്ങാത്ത ഒരു അദ്ധ്യായമാണ് കടയ്ക്കൽ വിപ്ലവം.
വിപ്ലവവീര്യവും, കർഷക കർഷകക്കരുത്തുമുള്ള ഒരു മലയോര ഗ്രാമമായിരുന്നു കടയ്ക്കൽ. കൃഷിയും, കാലി വളർത്തലും ഉപജീവനമാർഗ്ഗമാക്കിയും,മലഞ്ചരക്ക് വ്യാപരത്തിലൂടെയും ജീവിതം മുന്നോട്ട് നയിച്ചിരുന്ന കടയ്ക്കൽ ജനതയ്ക്ക്മേൽ അമിത കരം ഈടാക്കാൻ സർ സി. പി നടപടികളെടുത്തു.
കടയ്ക്കൽ ചന്തയിലെ അന്യായ പണപ്പിരിവിനെതിരായ പ്രതിഷേധം ജനങ്ങൾക്കിടയിൽ ശക്തമായി, ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ സർ സി. പി ചോറ്റ് പട്ടാളത്തെ ഇറക്കി.
1938 സെപ്റ്റംബർ 26 ന് ആൽത്തറമൂട്ടിൽ ചേർന്ന തിരുവതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ യോഗത്തിലൂടെ ഈ പ്രതിഷേധം ശക്തമായ പ്രക്ഷോഭമായി മാറി.
സർ സി.പി യുടെ ചോറ്റ് പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ ബീഡി വേലു, തൊട്ടുംഭാഗം സദാനന്ദൻ, ചന്തവിള ഗംഗാധരൻ, പുത്തൻവീട്ടിൽ നാരായണൻ, പറയാട് വാസു എന്നീ വിപ്ലവ നായകൻമ്മാർ രക്തസാക്ഷിത്വം വരിച്ചു.
1114 കന്നി 13 ന് പോലീസ് സ്റ്റേഷൻ തകർത്തായിരുന്നു ജനകീയ പ്രക്ഷോഭം അവസാനിച്ചത്, തുടർന്ന് കടയ്ക്കലിനെ ഒരു രാജ്യമായി പ്രഖ്യാപിച്ചു.
“കടയ്ക്കൽ സ്റ്റാലിൻ”എന്നറിയപ്പെടുന്ന ഫ്രാങ്കോ രാഘവൻ പിള്ള രാജാവായും “ചന്തിരൻ കാളിയാമ്പി” മന്ത്രിയായും ഒരു ജനകീയ സർക്കാർ രൂപീകരിക്കപ്പെട്ടു.
അങ്ങനെ കടയ്ക്കൽ വിപ്ലവം ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായി മാറി.
ഒരു കാർഷിക ഗ്രാമമായ കടയ്ക്കലിനെ ഇന്നു കാണുന്ന കടയ്ക്കലാക്കി മാറ്റാൻ കാലം കരുതിവച്ച വിപ്ലവ പോരാളികളുടെ പിന്മുറക്കാർ ഇന്നും ജന ഹൃദയങ്ങളിൽ തന്നെ ഉണ്ട്.
.
വിപ്ലവ സമര ചരിത്രം ഏടുകളിൽ എഴുതിച്ചേർത്ത, ചുവപ്പുകൊടി ഉയർത്തി കെട്ടിയ, നട്ടെല്ലും നാവും അടിയറവ് വയ്ക്കാതെ, തലകുനിക്കാതെ നാടിന്റെ കാവലായി നിർഭയം നിൽക്കുന്ന ഒരു ജനത ഇപ്പോഴും കടയ്ക്കലിന്റെ മണ്ണിൽ വികസനത്തിന്റെ വസന്തം തീർത്തുകൊണ്ടേയിരിക്കുന്നു.
സുജീഷ് ലാൽ