
ലോക ഹൃദയ ദിനത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ‘ഹൃദയസ്പർശം’ – കാക്കാം ഹൃദയാരോഗ്യം സംസ്ഥാനതല ക്യാമ്പയിൻ ആരംഭിച്ചു. ഹൃദ്രോഗം നേരത്തെ കണ്ടുപിടിക്കുക, ജീവിതശൈലിയിലും ഭക്ഷണ ശീലത്തിലും മാറ്റം വരുത്തുക, സി.പി.ആർ. പരിശീലനം, ഒക്ടോബർ 3 മുതൽ രണ്ടാഴ്ച സൗജന്യ പ്രാഥമിക പരിശോധനകൾ തുടങ്ങിയവ ക്യാമ്പയിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളുമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ഹൃദ്രോഗ ചികിത്സക്ക് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ 13 ജില്ലകളിലും കാത്ത് ലാബുകൾ സർക്കാർ സജ്ജമാക്കി വരുന്നു. അതിൽ 11 എണ്ണവും പ്രവർത്തനസജ്ജമാക്കാൻ സാധിച്ചു. ഇടുക്കിയിൽ കൂടി കാത്ത് ലാബ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 12 ജില്ലാ ആശുപത്രികളിൽ കൊറോണറി കെയർ ഐസിയു സജ്ജമാക്കിയിട്ടുണ്ട്. ആർദ്രം ജീവിതശൈലീ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരിലുള്ള 1.48 കോടിയോളം പേരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി ആവശ്യമായവർക്ക് തുടർപരിശോധനയും തുടർചികിത്സയും നൽകി വരുന്നു. ഹൃദ്യം പദ്ധതിയിലൂടെ 6401 കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയകൾ സൗജന്യമായി നടത്താനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.







