ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയത്തിൽ സ്നേഹ നഗർ കാവുങ്ങൽ പടിഞ്ഞാറ്റതിൽ ഉണ്ണിയെന്ന ഗിരികുമാർ (57), അയത്തിൽ ആരതി ജംഗ്ഷൻ സുരഭി നഗർ-171 കാവുംപണ വയലിൽ വീട്ടിൽ ചാക്കോ എന്ന അനിയൻകുഞ്ഞ് (56) എന്നിവരാണ് മരിച്ചത്. അയത്തിൽ പുളിയത്തുമുക്ക് പവർ ഹൗസിനടുത്തുള്ള കരുത്തർ മഹാദേവർ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഗിരികുമാറിന്‍റെ മൃതദേഹമാണ് ആദ്യം നാട്ടുകാർ കുളത്തിൽ കാണുന്നത്. തുടർന്ന് ആംബുലൻസ് എത്തി മൃതദേഹം വാഹനത്തിലേക്ക് മാറ്റുന്നതിനിടയിലാണ് ചാക്കോയുടെ മൃതദേഹവും കുളത്തിൽ പൊങ്ങുകയായിരുന്നു. ഇരുവരും കുളക്കരയിൽ സംസാരിച്ചിരിക്കുന്നതിനിടെ അനിയൻകുഞ്ഞ് അബദ്ധത്തിൽ തെന്നി കുളത്തിൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂട്ടുകാരനെ രക്ഷിക്കാൻ ഇറങ്ങിയ ഗിരികുമാറും കുളത്തിൽ മുങ്ങി മരിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പരിസരത്തെ വീട്ടിലെ സിസിടിവിയിൽനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.വ്യാഴാഴ്ച രാത്രി എട്ടരയോടെ വീടുകളിൽനിന്നു പുറത്തുപോയ ഇവർ തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തിവരികയായിരുന്നു. ബന്ധുക്കൾ വിളിച്ചപ്പോൾ അനിയൻകുഞ്ഞിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. ഇരുവർക്കുമായി പ്രദേശത്ത് തെരച്ചിൽ നടക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഗിരികുമാറിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ പൊങ്ങിയത്. വിവരമറിഞ്ഞെത്തിയ ഇരവിപുരം എസ്ഐ എം അനീഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കുന്നതിനിടെ അനിയൻകുഞ്ഞിന്റെ മൃതദേഹവും കുളത്തിൽ പൊങ്ങുകയായിരുന്നു.