
കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പ്രതി റോബിൻ ജോർജ് പിടിയിൽ. തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.
കുമാരനെല്ലൂര്‍ വലിയാലിന്‍ചുവടിനു സമീപം ഡെല്‍റ്റ കെ നയന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന നായ പരിശീലന കേന്ദ്രത്തിന്‍റെ മറവിലാണ് കഞ്ചാവ് കച്ചവടം നടന്നത്. അമേരിക്കന്‍ ബുള്ളി ഇനത്തില്‍പ്പെട്ടതടക്കം ആക്രമണ സ്വഭാവുമുള്ള പതിമൂന്ന് നായകള്‍ പ്രതിയുടെ വീട്ടിലുണ്ടായിരുന്നു. പ്രതിയെ തേടി ചെന്ന പൊലീസുദ്യോഗസ്ഥര്‍ പ്രത്യേക പരിശീലനം ലഭിച്ച വിദേശ ഇനം നായകളുടെ ആക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. നായകളെ മാറ്റിയ ശേഷം നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ പതിനെട്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തിയത്.







