
ഒരു ദിവസം കൊണ്ട് 28 ഹെർണിയ സർജറികൾ നടത്തി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രി. താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെയാണ് 28 ഹെർണിയ കേസുകളും കൈകാര്യം ചെയ്തത്. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.
ഹെർണിയ കേസുകൾ വളരെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിൽ ലാപ്രോസ്‌കോപ്പിക് ഹെർണിയ റിപ്പയർ ക്യാമ്പിലൂടെ കണ്ടെത്തിയ രോഗികളുടെ ശസ്ത്രക്രിയക്ക് നേതൃത്വം ആശുപത്രിയിലെ സീനിയർ കൺസൽട്ടന്റ് സർജൻ ഡോ സജി മാത്യൂ, അനസ്‌തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ മധു, ഡോ സൂസൻ, ഡോ രേണു, ഡോ ഷേർളി എന്നിവരുടെ ടീമിനെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
സംസ്ഥാനത്ത് സർക്കാർ മേഖലയിൽ താക്കോൽദ്വാര ശസ്ത്രക്രിയ വ്യാപകമായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് എറണാകുളം ജനറൽ ആശുപത്രി. പ്രതിമാസം വിവിധ വിഭാഗങ്ങളിലായി 800ലധികം ശസ്ത്രക്രിയ നടക്കുന്ന ആശുപത്രി ജില്ലയ്ക്കും കേരളത്തിനും നിരവധി ഘട്ടങ്ങളിൽ മാതൃകയായിട്ടുണ്ട്. സർജറി വിഭാഗം തലവനായ ഡോ സജി മാത്യു നാളിതുവരെ 6250 ശാസ്ത്രക്രിയകളാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ചെയ്തിട്ടുള്ളത്. ഇതിൽ 2100 എണ്ണം ലാപ്രോസ്‌കോപ്പിക് സർജറികളാണ്. ഈ ചരിത്രനേട്ടത്തിൽ ഒരിക്കൽക്കൂടി ഡോ സജി മാത്യുവിനേയും സർജറി വിഭാഗത്തേയും, ഒപ്പം അനസ്‌തേഷ്യ വിഭാഗത്തേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു







