
മാലിന്യം കൃത്യമായി സംസ്കരിക്കാത്തവർക്കും, നിയമലംഘനം നടത്തിയവർക്കും പ്രത്യേക പരിശീലന ക്ലാസ് ഉടൻ സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. നിയമലംഘനത്തിന് പിഴ അടച്ചവരെയും, നോട്ടീസ് ലഭിച്ചവരെയും ഉൾപ്പെടുത്തിയാണ് പ്രത്യേക പരിശീലന ക്ലാസ് നൽകുക. ഇത് സംബന്ധിച്ച വിവരങ്ങൾ തദ്ദേശ വകുപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്നത് കൂടുതൽ ഫലവത്തായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്ലാസ് ഒരുക്കുന്നത്.
മാലിന്യ സംസ്കരണത്തിനുള്ള ക്രമീകരണങ്ങൾ, ഇതുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ, പിഴ തുടങ്ങിയവയെ കുറിച്ചുള്ള അവബോധം പരിശീലന ക്ലാസിൽ സൃഷ്ടിക്കുന്നതാണ്. അതേസമയം, വീടുകളിലും സ്ഥാപനങ്ങളിലും ഉൾപ്പെടെ നിയമലംഘനം കണ്ടെത്താൻ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കുന്നതാണ്. ആഴ്ചയിൽ മൂന്ന് ദിവസമാണ് സ്ക്വാഡിന്റ നേതൃത്വത്തിൽ പരിശോധന ഉണ്ടാവുക. ചട്ടവിരുദ്ധമായി മാലിന്യം കൈകാര്യം ചെയ്യുന്നവരുടെ വിവരങ്ങൾ ഓരോ ദിവസവും ജാഗ്രതാ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ തദ്ദേശ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.






