
ഡ്യൂട്ടിക്കിടെ ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് നൽകി ആരോഗ്യ സർവകലാശാല. തൃശൂർ ആരോഗ്യ സർവകലാശാലയിൽ വച്ച് നടന്ന ചടങ്ങിലാണ് വന്ദനാ ദാസിന് മരണാന്തര ബഹുമതിയായി എംബിബിഎസ് നൽകിയത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും വന്ദനയുടെ മാതാപിതാക്കൾ മോഹൻദാസും വസന്തകുമാരിയും ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് വന്ദനയുടെ അച്ഛനും അമ്മയും സർട്ടിഫിക്കറ്റ് വാങ്ങിയത്. വന്ദനയുടെ അച്ഛനെയും അമ്മയെയും ഗവർണർ ആശ്വസിപ്പിച്ചു.
ജോലിയോടുള്ള ആത്മാർത്ഥമായ സമീപനം ഉണ്ടായിരുന്ന കുട്ടിയായിരുന്നു വന്ദനയെന്നും ഇനി ആർക്കും ഇങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെയെന്നും ഗവർണ്ണർ വ്യക്തമാക്കി. മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസിക്കിടെ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയിൽ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു.








