ബഡ്സ് ദിനം എന്ന പേരിൽ ഈ വർഷം മുതൽ ആഗസ്റ്റ് 16 ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള ദിനമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കും. 2004ൽ കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് സംസ്ഥാനത്തെ ആദ്യ ബഡ്‌സ് സ്‌കൂൾ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ച ദിനമാണ് ഓഗസ്റ്റ് 16.
19 വർഷം കൊണ്ട് ഈ മേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംയോജിച്ച് കുടുംബശ്രീ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ ബഡ്സ് സ്ഥാപനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വളർത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടാണ് ദിനപ്രഖ്യാപനവും വാരാഘോഷവും ഒരുക്കിയിരിക്കുന്നത്. ബഡ്‌സ് സ്ഥാപനങ്ങളിലേക്ക് കൂടുതൽ കുട്ടികളെ ഉൾച്ചേർക്കുക, രക്ഷിതാക്കൾക്ക് മാനസിക പിന്തുണ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളും ദിനാഘോഷത്തിനുണ്ട്. ദിനപ്രഖ്യാപനത്തിന് മുന്നോടിയായി ഓഗസ്റ്റ് ഒമ്പതു മുതൽ 16 വരെ നീളുന്ന ബഡ്സ് വാരാഘോഷവും നടന്നു വരികയാണ്. ഫല വൃക്ഷത്തൈ നടീൽ, ഗൃഹസന്ദർശനം, രക്ഷകതൃ സംഗമം എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് സംസ്ഥാനത്തെ എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 16ന് വൈകിട്ട് 3ന് കോവളം വെള്ളാർ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ചടങ്ങിൽ ബഡ്‌സ് ദിന പ്രഖ്യാപനവും ബഡ്‌സ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. അഡ്വ. എം. വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിക്കും. പ്രകൃതി ദുരന്തങ്ങളെ തിരിച്ചറിയുന്നതിനും നേരിടുന്നതിനും കുടുംബശ്രീ ബാലസഭാംഗങ്ങളായ ഒരു ലക്ഷത്തോളം കുട്ടികൾക്ക് പരിശീലനം നൽകുന്ന ‘സജ്ജം ‘ ബിൽഡിങ് റെസിലിയൻസ് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും ബഡ്സ് ലോഗോപ്രകാശനവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ നിർവഹിക്കും. മത്സരത്തിലൂടെയാണ് ബഡ്സ് സ്ഥാപനങ്ങൾക്കുള്ള ലോഗോയും ടാഗ്ലൈനും കണ്ടെത്തിയത്. 10000 രൂപയാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക.
നിലവിൽ 359 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബഡ്‌സ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 18 വയസ്സ് വരെയുള്ള കട്ടികൾക്കായി 167 ബഡ്സ് സ്‌കൂളുകളും 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി 192 ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും നിലവിലുണ്ട്. റീഹാബിലിറ്റേഷൻ സെന്ററുകളിൽ തൊഴിൽ, ഉപജീവന പരിശീലനത്തിനാണ് മുൻഗണന നൽകുന്നത്. ബഡ്‌സ് സ്ഥാപനങ്ങളിലൂടെ 11,642 പേർക്ക് ദൈനംദിന ജീവിതം, പുനരധിവാസം, തൊഴിൽ പരിശീലനം എന്നിവയ്ക്ക് പിന്തുണ നൽകിവരുന്നു. 495 അധ്യാപകരും 622 ആയമാരും ബഡ്‌സ് സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെ പരാശ്രയത്വത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്നതാണ് ബഡ്‌സ് സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം.
ബഡ്‌സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ഉപജീവന പദ്ധതിയും നടപ്പിലാക്കിവരുന്നു. ബഡ്‌സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് പലപ്പോഴും കുട്ടികളോടൊപ്പം സ്ഥാപനങ്ങളിൽത്തന്നെ സമയം ചെലവഴിക്കേണ്ടി വരുന്നത് കണക്കിലെടുത്താണ് അവരെക്കൂടി ഉൾപ്പെടുത്തിയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നത്. 18 വയസിന് മുകളിൽ പ്രായമുള്ള പരിശീനാർത്ഥികൾക്കും സ്ഥിരവരുമാനം ഉറപ്പ് വരുത്തുന്നതിന് തൊഴിൽ പരിശീലനങ്ങൾ നൽകി വരുന്നു. പേപ്പർ-പേന നിർമ്മാണം, പേപ്പർ ഫയൽ നിർമ്മാണം, കുട നിർമ്മാണം എന്നിങ്ങനെ വൈവിധ്യമാർന്ന തൊഴിൽ പരിശീലനങ്ങളാണ് ഇത്തരത്തിൽ നൽകി വരുന്നത്. നിലവിൽ 162 സംരംഭങ്ങൾ ബഡ്‌സ് സ്ഥാപനങ്ങളുടെ ഭാഗമായുണ്ട്.