
ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി കെട്ടിടം നിർമ്മിക്കുന്നു. സംസ്ഥാന നിർമിതി കേന്ദ്രം നടപ്പാക്കുന്ന ത്രീഡി പ്രിന്റിംഗ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം റവന്യൂ, ഭവന നിർമാണ മന്ത്രി കെ. രാജൻ നിർവഹിച്ചു. കാലാവസ്ഥ വ്യതിയാനം അതിജീവിക്കുന്ന പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ പരിചയപ്പെടുത്തുന്ന ഹൗസിംഗ് പാർക്ക് കേരളത്തിൽ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആധുനിക പാർപ്പിട സംസ്‌കാരത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഭാഗമായാണ് ത്രീഡി പ്രിന്റിംഗ് നിർമാണ സാങ്കേതികവിദ്യ സർക്കാർ പരിചയപ്പെടുത്തുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കാമെന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത. ചെന്നൈ ഐ.ഐ.ടി കേന്ദ്രീകരിച്ച ട്വസ്റ്റ എന്ന സ്ഥാപനമാണ് നൂതനമായ സാങ്കേതികവിദ്യ ലഭ്യമാക്കുന്നത്.
സംസ്ഥാന നിർമിതി കേന്ദ്രവുമായി സഹകരിച്ച് മറ്റ് മേഖലകളിലും പദ്ധതി വ്യാപിപ്പിക്കും. അധിക മാലിന്യമില്ലാതെ സങ്കീർണത കുറഞ്ഞ രീതിയിൽ 500 ചതുരശ്ര അടി വീട്‌നിർമാണത്തിന് പരമാവധി 27 ദിവസം മാത്രമാണെടുക്കുന്നത്. ഇത്തരത്തിൽ ഒരേ ഡിസൈനിലുള്ള ഹൗസിംഗ് കോളനികളുടെ നിർമാണം കൂടുതൽ ലാഭകരമാകും.
നടി സുകുമാരിയുടെ സ്മരണക്കായി നിംസ് മെഡിസിറ്റി നിർമിക്കുന്ന മന്ദിരത്തിന്റെ നിർമാണം നിർമിതി കേന്ദ്രവുമായി സഹകരിച്ച് പൂർണമായും ത്രീഡി പ്രിന്റിംഗ് സാങ്കേതിക വിദ്യയിലധിഷ്ഠിതമായിരിക്കും. ആധുനിക പാർപ്പിട സംസ്‌കാരത്തെക്കുറിച്ചുള്ള പൊതു സംവാദത്തിനുള്ള ഇടമായി നിർമിതി കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ഹൗസിംഗ് പാർക്കുകൾ ഭാവിയിൽ മാറ്റുമെന്നും മന്ത്രി പറഞ്ഞു.നിർമിതി കേന്ദ്രവും ട്വസ്റ്റ കമ്പനിയും തമ്മിലുള്ള ധാരണാ പത്രം ചടങ്ങിൽ കൈമാറി. ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.








