
കശുമാവ് കൃഷിവ്യാപനത്തിനും ആഭ്യന്തര ഉൽപ്പാദന വർധനയ്ക്കും കരുത്തുറ്റ ഇടപെടലുമായി സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസി. 500 ഹെക്‌ടറിലേറെ സ്ഥലത്ത് കൃഷി വ്യാപിക്കാനാകുന്ന തരത്തിൽ വിവിധ പദ്ധതികളിലൂടെ അത്യുൽപ്പാദനശേഷിയുള്ള ഒന്നരലക്ഷം ഗ്രാഫ്റ്റ് തൈയാണ് ഈവർഷം സൗജന്യമായി വിതരണംചെയ്‌തത്. ഏഴായിരത്തിലേറെ കർഷകരാണ് ഗുണഭോക്താക്കൾ. വ്യക്തിഗത കർഷകരെ കൂടാതെ അപേക്ഷ നൽകുന്ന സഹകരണസംഘങ്ങൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും തൈ നൽകുന്നു. കാലാവസ്ഥ അനുകൂലമാകുന്നതോടെ അഞ്ചരലക്ഷം തൈകൂടി വിതരണംചെയ്യും. ജില്ലയിൽ 31,000 തൈയാണ് നൽകിയത്.
ഒരേക്കറിൽ 80 തൈ നടാവുന്ന പുതുകൃഷി പദ്ധതിയിൽ 66,903 തൈയും ഒരേക്കറിൽ 160തൈ നടാവുന്ന അതിസാന്ദ്രത കൃഷിക്കായി 61,047 തൈകളും വിതരണംചെയ്‌തു. അതീവ സാന്ദ്രത രീതിയനുസരിച്ച് ഒരേക്കറിൽ 450തൈ നടാം. ഇതിനായി 2000 തൈ വിതരണംചെയ്‌തു. കേരള കാർഷിക സർവകലാശാല, ഐസിഎആർ എന്നീ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്ത മൂന്നുവർഷം കൊണ്ട് കായ്ക്കുന്ന തൈയാണ് നൽകുന്നത്. നന്നായി പരിപാലിക്കുന്ന ഒരു മാവിൽനിന്ന് അഞ്ച് മുതൽ ഏഴുകൊല്ലം കൊണ്ട് ശരാശരി 10 മുതൽ 15 കിലോവരെ വിളവ് ലഭിക്കും. സമയബന്ധിതമായി കർഷകർക്ക് പരിശീലനവും നൽകുന്നുണ്ട്.
മുറ്റത്തൊരു കശുമാവ് പദ്ധതി
കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി, റസിഡന്റ്സ് അസോസിയേഷന്‍, കശുവണ്ടിത്തൊഴിലാളികൾ, സ്കൂൾ, കോളേജ് വിദ്യാർഥികൾ, അഗ്രികൾച്ചർ ക്ലബ്ബുകൾ എന്നിവരിലൂടെ കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്. പൊക്കംകുറഞ്ഞ, അധികം പടരാത്ത, വീട്ടുമുറ്റത്ത് നിയന്ത്രിച്ചുവളർത്താവുന്ന കശുമാവിൻ തൈകളാണ് സൗജന്യമായി നൽകുന്നത്. പദ്ധതിയിലൂടെ ഈ വര്‍ഷം 16737 തൈ വിതരണംചെയ്‌തു.






