
നിയമസഭാ സെക്രട്ടറിയേറ്റിൽ പരിപാലിച്ചുവരുന്ന പശുക്കളുടെ ലേലം ഈ മാസം 19-ന് നടക്കും. നിയമസഭയിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലാണ് ലേലം നടക്കുക. 19-ന് രാവിലെ 11.00 മണി മുതൽ പശുക്കളെ പരസ്യമായി ലേലം ചെയ്യുന്ന നടപടികൾ ആരംഭിക്കുന്നതാണ്. 18 മുതൽ 24 മാസം വരെ പ്രായമുള്ള ഹൈഫർ, 10 മുതൽ 12 മാസം വരെ പ്രായമുള്ള കാസർഗോഡ് ഡ്വാർഫ് (ആൺ), 18 മാസം മുതൽ 24 മാസം വരെ പ്രായമുള്ള കാസർഗോഡ് ഡ്വാർഫ് (പെൺ), നാടൻ പശു എന്നീ ഇനത്തിൽപ്പെട്ട പശുക്കളെയാണ് ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അന്നേ ദിവസം രാവിലെ 10:45 മുൻപായി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്ന വേളയിൽ തന്നെ 5,500 രൂപ നിരതദ്രവ്യം അടക്കണം.
ലേലം സ്ഥിരപ്പെടുത്തിയാൽ അന്നു തന്നെ മുഴുവൻ ലേലത്തുകയും ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ അടച്ച് പശുക്കളെ കൊണ്ടുപോകേണ്ടതാണ്. അതേസമയം, ലേലം സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേല നിബന്ധന ലംഘിക്കുകയാണെങ്കിൽ, അടച്ച തുക സർക്കാറിലേക്ക് മുതൽക്കൂട്ടി ലേലവസ്തു പുനർലേലം ചെയ്യും. ലേല സമയത്ത് തർക്കങ്ങൾ നിലനിൽക്കുകയാണെങ്കിൽ, നിയമസഭാ സെക്രട്ടറി അന്തിമ തീരുമാനം എടുക്കുന്നതാണ്. ലേലം ചെയ്യുന്ന പശുക്കളെ ഓഫീസ് പ്രവൃത്തി സമയത്ത് അസിസ്റ്റന്റ് കൃഷി ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.








