
ഓണത്തോടനുബന്ധിച്ച് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഫെയറിന് ഇന്ന് തിരി തെളിയും. ഇന്ന് ഉച്ചയ്ക്ക് 3:30-ന് പുത്തരിക്കണ്ടം മൈതാനത്ത് ഭക്ഷ്യ മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ ആന്റണി രാജു ഉൽപ്പന്നങ്ങളുടെ ആദ്യ വിൽപ്പനയും, വി. ശിവൻകുട്ടി ശബരി ഉൽപ്പന്നങ്ങളുടെ റീബ്രാൻഡിംഗും നടത്തുന്നതാണ്.
ഓണം ഫെയറിന്റെ ജില്ലാതല ഉദ്ഘാടനം നാളെയാണ് നടക്കുക. താലൂക്ക്/നിയോജകമണ്ഡല തല ഫെയറുകൾ ഓഗസ്റ്റ് 23 മുതൽ 28 വരെ ഉണ്ടാകും. പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിലാണ് സപ്ലൈകോയിൽ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. സബ്സിഡി സാധനങ്ങൾക്ക് പുറമേ, എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ വാങ്ങാനാകും. ഇത്തവണ ശബരി മട്ട അരി, ആന്ധ്ര ജയ അരി, ശബരി ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നീ ശബരി ഉൽപ്പന്നങ്ങൾ പുതുതായി വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. പൊതു വിപണിയെക്കാൾ 45 രൂപ വരെയാണ് കിഴിവ് ലഭിക്കുക.






