
കായികതാരങ്ങൾക്ക് കരുത്തായി ജില്ലയിലെ സ്പോർട്സ് ആയുർവേദ മെഡിസിൻ വിഭാഗം. പരിശീലനത്തിനിടെയും മത്സരത്തിനിടെയും പരിക്കേൽക്കുന്ന ദേശീയ, സംസ്ഥാന താരങ്ങളടക്കം സ്പോർട്സ് ആയുർവേദ തേടിയെത്തുന്നു. ജില്ലാ ആയുർവേദ ആശുപത്രിയിലും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) കൊല്ലം കേന്ദ്രത്തിലുമായി രണ്ട് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. 10 വർഷം പിന്നിട്ട് കുതിക്കുന്ന ഈ യൂണിറ്റുകൾ കാൽലക്ഷത്തിലേറെ കേസുകളാണ് (സ്പോർട്സ് ഇൻജുറീസ്)ഇതുവരെ കൈകാര്യംചെയ്തത്.
2022 –- 23ൽ മാത്രം 4489 കേസുകളെത്തി. പരിശോധനകൾക്കു ശേഷം പ്രത്യേക പരിചരണം വേണ്ടവരെ ജില്ലാ ആയുർവേദ ആശുപത്രിയിൽ കിടത്തി, പ്രത്യേക പരിഗണനയോടെ ചികിത്സ നൽകുന്നു. ഈ കാലയളവിൽ അഖിലേന്ത്യ ഹോക്കി ടൂർണമെന്റ്, സംസ്ഥാന സ്കൂൾ ഗെയിംസ്, സംസ്ഥാന സീനിയർ ഹോക്കി ചാമ്പ്യൻഷിപ്, സംസ്ഥാന ഹോക്കി ടൂർണമെന്റ്, ജില്ലാ അത്‍ലറ്റിക് മീറ്റ്, സംസ്ഥാന കെജിഒഎ മീറ്റ്, ബോൾ ബാഡ്മിന്റൺ ദേശീയ മീറ്റ് തുടങ്ങി പ്രധാനപ്പെട്ട 14 സംസ്ഥാന മേളകളിലും രണ്ട് ദേശീയ മേളകളിലും വൈദ്യസഹായം എത്തിച്ചു. ഈ ടൂർണമെന്റുകളിൽ മാത്രം 1000 താരങ്ങൾക്ക് ചികിത്സ നൽകി.
ഭാവി താരങ്ങൾക്കുള്ള മരുന്ന്
കായിക താരങ്ങൾക്ക് മികച്ച ചികിത്സയുൾപ്പെടെ ലക്ഷ്യമിട്ട് 2009ലാണ് സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ ഇന്ത്യൻ സിസ്റ്റംസ് ഓഫ് സ്പോർട്സ് മെഡിസിൻ ഗവേഷണ വിഭാഗം പദ്ധതി തുടങ്ങിയത്. ആ വർഷം തന്നെ കൊല്ലത്ത് ഒരു യൂണിറ്റ് തുടങ്ങി. 2012 മുതൽ രണ്ടാമത്തെ യൂണിറ്റും ആരംഭിച്ചു. താരങ്ങളുടെ കായികക്ഷമത വർധിപ്പിക്കുന്നതും സ്പോർട്സ് ആയുർവേദയുടെ മുൻഗണനയാണ്. രോഗപ്രതിരോധ ശേഷി വർധിപ്പിച്ച് ശാരീരികവും മാനസ്സികവുമായി കരുത്തരാക്കി മികച്ച താരങ്ങളായി വളർത്തിയെടുക്കാനുള്ള പഠനങ്ങൾക്ക് കൂടി ശ്രദ്ധ നൽകുന്നുണ്ട്.







