
തിരുവനന്തപുരം നഗരത്തിനുള്ള ഓണസമ്മാനമായി കലാഭവൻ മണി റോഡിന്റെ നവീകരണം പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇരുപതോടെ നവീകരണം പൂർത്തിയാക്കാനാകും. റോഡിന്റെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ദീർഘകാലമായി നഗരം നേരിടുന്ന പ്രശ്‌നമാണ് കലാഭവൻ മണി റോഡ് ഉൾപ്പെടെയുള്ള ചില റോഡുകളുടെ പ്രവൃത്തി പൂർത്തീകരിക്കാനാകാത്തത്. ഇക്കാര്യത്തിൽ തുടർച്ചയായി സർക്കാർ ഇടപെട്ടു. വിവിധ വകുപ്പുകളുടെ ചുമതലയിൽ വരുന്ന സ്മാർട് സിറ്റി പദ്ധതിയിലാണ് ഇവ ഉൾപ്പെട്ടിരിക്കുന്നത്. കലാഭവൻ മണി റോഡിന്റെ നിർമാണം പൊതുമരാമത്തുവകുപ്പിനുകീഴിലുള്ള റോഡ് ഫണ്ട് ബോർഡാണ് ഏറ്റെടുത്തത്. നേരത്തെ കരാറെടുത്ത സ്ഥാപനം നിർമാണത്തിൽ അനാസ്ഥ കാണിച്ചു. ഡക്ട് നിർമാണവുമായി ബന്ധപ്പെട്ട് റോഡാകെ പൊളിക്കുകയും സമയബന്ധിതമായി അത് പൂർത്തിയാക്കാതിരിക്കുകയും ചെയ്തു. നിരവധി തവണ അവരുമായി സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കാൻ ഇടപെടുകയും ചെയ്‌തെങ്കിലും കാര്യമുണ്ടായില്ല. തുടർന്നെടുത്ത കർക്കശ നിലപാടുകൊണ്ടാണ് ഇപ്പോൾ പണി പൂർത്തിയാക്കാനാകുന്നത്. അവരെ പ്രവൃത്തിയിൽനിന്ന് നീക്കം ചെയ്യുകയും നിക്ഷേപം പിടിച്ചുവയ്ക്കുകയും ചെയ്തു. പ്രവൃത്തി വിഭജിച്ച് പലതാക്കി ടെൻഡർ ചെയ്തു. അതിന് ഒട്ടേറെ തടസ്സങ്ങളുണ്ടായിരുന്നു. അതെല്ലാം നീക്കിയാണ് ഇപ്പോൾ റോഡ് പണി പൂർത്തിയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.









