
സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽ കോർപ്പറേഷൻ പുതുതായി നിർമ്മിച്ച കോട്ടൺ, ബ്ലെൻഡഡ് റെഡിമെയ്ഡ് ഷർട്ടുകൾ വ്യവസായ മന്ത്രി പി രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് നൽകി വിപണിയിൽ അവതരിപ്പിച്ചു. നിയമസഭയിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് റെഡിമെയ്ഡ് ഷർട്ടുകൾ പുറത്തിറക്കിയത്.
കണ്ണൂരിലെ പിണറായിയിൽ പ്രവർത്തിക്കുന്ന ഹൈ ടെക്ക് വീവിങ് മിൽസ്, ആലപ്പുഴ കോമളപുരത്ത് പ്രവർത്തിക്കുന്ന കോമളപുരം സ്പിന്നിങ് ആൻഡ് വീവിംഗ് മിൽസ് എന്നിവിടങ്ങളിൽ ഉൽപ്പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ചതാണ് റെഡിമെയ്ഡ് ഷർട്ടുകൾ. സംസ്ഥാന സർക്കാരിന്റെ ഗ്രീൻ ഫീൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച ഈ സ്ഥാപനങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഷർട്ടുകൾ ‘ഗ്രീൻ ഫീൽഡ്‌സ്’ എന്ന ബ്രാൻഡ് നെയിമിലാണ് വിപണിയിലെത്തുന്നത്.
നൂൽ ഉത്പാദനത്തിൽ മാത്രം കേന്ദ്രീകൃതമായിരുന്ന ടെക്‌സ്‌റ്റൈൽ കോർപ്പറേഷൻ ഈ സർക്കാറിന്റെ ഭരണക്കാലയളവിൽ വൈവിധ്യവൽക്കരണത്തിലൂടെ മാസ്‌കുകളും, ബെഡ്ഷീറ്റുകളും, യൂണിഫോം തുണിത്തരങ്ങളും വിപണിയിൽ എത്തിച്ചതിന് പുറമേ ‘ഗ്രീൻ ഫീൽഡ്‌സ്’ എന്ന ബ്രാൻഡ് ഷർട്ടുകളും ഇപ്പോൾ വിപണിയിൽ എത്തിക്കുന്നതായി വ്യവസായ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖലാ സഹകരണ സ്പിന്നിങ് മില്ലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി 10.50 കോടി രൂപയുടെ അടിയന്തിര സഹായം നൽകിയതായും മാസ്റ്റർ പ്ലാൻ വഴി ടെക്‌സ്‌റ്റൈൽ മേഖലയെ ഘട്ടം ഘട്ടമായി നവീകരിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു.
ഉന്നത ഗുണനിലവാരത്തിൽ വിവിധ ശ്രേണികളിലായി തയ്യാർ ചെയ്യുന്ന ഷർട്ടുകൾ 600 രൂപ മുതൽ വിപണിയിൽ ലഭ്യമാകുമെന്ന് ടെക്‌സ്‌റ്റൈൽ കോർപ്പറേഷൻ ചെയർമാൻ സി. ആർ. വത്സൻ അറിയിച്ചു. മാനേജിങ് ഡയറക്ടർ അരുണാചലം സുകുമാർ, ജനറൽ മാനേജർ വി ആർ ഹോബി, ടെക്‌സ്‌റ്റൈൽ ഐ.ആർ.സി മെമ്പർ കെ.എൻ. ഗോപിനാഥ്, മറ്റു ഉദ്യോഗസ്ഥർ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.




