
ആയുഷ് മേഖലയെപ്പറ്റി ജനങ്ങൾക്ക് അടുത്തറിയാനായുള്ള പുതിയ വെബ്സൈറ്റിന്റേയും പ്രസിദ്ധീകണങ്ങളുടേയും പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരളത്തിലെ ആയുഷ് മേഖലയിലെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ അംഗീകരിക്കുന്നു എന്നുള്ളത് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. ആയുഷ് മേഖലയ്ക്ക് ഈ സർക്കാർ വലിയ പ്രാധാന്യം നൽകിയാണ് മുന്നോട്ട് പോകുന്നുത്. കേരളത്തെ ഹെൽത്ത് ഹബ്ബാക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പ്രചോദനമായ പ്രവർത്തനങ്ങളാണ് ആയുഷ് വകുപ്പ് നടത്തുന്നത്. സർക്കാർ മേഖലയേയും സ്വകാര്യ മേഖലയേയും കോർത്തിണക്കി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ആയുഷ് വകുപ്പിന് കീഴിൽ ഒരു കേന്ദ്രീകൃത ഐഇസി വിങ് സജ്ജമാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതിൽ പ്രമുഖമായ ഒന്ന് ആശാ പ്രവർത്തകർക്കായുള്ള പരിശീലന കൈപ്പുസ്തകം ആണ്. സംസ്ഥാനത്ത് നിലവിൽ 520 ‘ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ’ പ്രവർത്തിക്കുന്നു. ഈ വർഷം പുതിയ 80 കേന്ദ്രങ്ങൾ കൂടി നവീകരിക്കും. ഈ സ്ഥാപനങ്ങൾ വഴി മാതൃ- ശിശു ആരോഗ്യം, സമഗ്ര കൗമാരാരോഗ്യം, ക്രിയാത്മകമായ വാർദ്ധക്യം എന്നിവ അടിസ്ഥാനമാക്കി പ്രത്യേക സേവനം നൽകാൻ പദ്ധതിയുണ്ട്.
സംസ്ഥാന ആയുഷിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനാണ് വളരെ പ്രസക്തവും ആധികാരികവുമായ ഒരു വെബ്സൈറ്റ് ആയുഷ് മിഷൻ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിലെ സവിശേഷമായ ആയുർവേദവും ഹോമിയോപ്പതിയും യോഗയും സിദ്ധയും യുനാനിയും അടങ്ങുന്ന ആയുഷ് ചികിത്സകളുടെ പെരുമ ലോകശ്രദ്ധ ഏറ്റുവാങ്ങുന്ന ഈ കാലഘട്ടത്തിൽ, വെബ്സൈറ്റ് കേരളത്തിൽ നടക്കുന്ന സവിശേഷവും നൂതനവുമായ എല്ലാ ആയുഷ് പ്രവർത്തനങ്ങളിലേക്കും തുറക്കുന്ന ഒരു ജാലകമായി പൊതുജനങ്ങൾക്ക് മുന്നിൽ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ആയുഷ് വിജയ മാതൃകകളായ, ജനനി, സ്പോർട്സ് ആയുർവേദ, ആയുഷ് യോഗാ ക്ലബ്ബുകൾ തുടങ്ങിയ വിവിധങ്ങളായ പദ്ധതികളെ ലോകത്തിനുമുന്നിൽ പരിചയപെടുത്തുന്നതാണ് അവബോധ വീഡോയോകൾ.
കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണത്തിനെ കുറിച്ചുള്ള അറിവ് നൽകുവാനും നാഷണൽ ആയുഷ് മിഷനു കീഴിൽ പ്രവർത്തിക്കുന്ന ആയുഷ് ഗ്രാമം പദ്ധതിയിലെ കേരളമെമ്പാടുമുള്ള ഡോക്ടർമാരുടെ ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ‘അറിയാം കർക്കിടകത്തിലെ ആരോഗ്യം’ എന്ന പുസ്തകം.








